ധോനിയുടെ ഹെല്‍മറ്റില്‍ മാത്രം ദേശീയ പതാകയില്ലാത്തത്? 15,000 അടി താഴ്ചയിലേക്ക് ചാട്ടം, രാജ്യസ്‌നേഹം ധോനി പ്രകടിപ്പിച്ച നിമിഷങ്ങള്‍ 

ഇന്ത്യന്‍ സൈന്യത്തിലെ പാര റെജിമെന്റിലെ പരിശീലനത്തിന് ഇടയില്‍ 15000 അടി ഉയരത്തില്‍ നിന്ന് ധോനി ചാടി
ധോനിയുടെ ഹെല്‍മറ്റില്‍ മാത്രം ദേശീയ പതാകയില്ലാത്തത്? 15,000 അടി താഴ്ചയിലേക്ക് ചാട്ടം, രാജ്യസ്‌നേഹം ധോനി പ്രകടിപ്പിച്ച നിമിഷങ്ങള്‍ 

ധോനിക്കായുള്ള ആരാധകരുടെ ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ക്രിക്കറ്റിലും, പുറത്തും ധോനി നേടിക്കൂട്ടിയ നേട്ടങ്ങളിലേക്ക് ആരാധകര്‍ വീണ്ടും കണ്ണോടിക്കുക കൂടിയാണ് ധോനിയുടെ 38ാം ജന്മദിനത്തില്‍. രാജ്യത്തോടുള്ള സ്‌നേഹവും ബഹുമാനവും ധോനി ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തും പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ ആരാധകരെ ആവേശത്തിലാക്കി ധോനി രാജ്യസ്‌നേഹം ലോകത്തിന് മുന്‍പില്‍ പ്രകടിപ്പിച്ച ചില സന്ദര്‍ഭങ്ങള്‍ ഇവയാണ്...

ഇന്ത്യന്‍ പതാക ഹെല്‍മറ്റില്‍ നിന്നും നീക്കി

എന്തുകൊണ്ട് ധോനി തന്റെ ഹെല്‍മറ്റില്‍ ഇന്ത്യ പതാക വെച്ചില്ലെന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. മറ്റെല്ലാ ക്രിക്കറ്റ് കളിക്കാരുടേയും ഹെല്‍മറ്റില്‍ ത്രിവര്‍ണ പതാക സ്ഥാനം പിടിച്ചപ്പോള്‍ ധോനി മാത്രം അതിന് വിപരീതം. 

എന്നാല്‍ വൈകിയാണ് അതിന് പിന്നിലെ കാരണം ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ദേശിയ പതാക വലിയ ബഹുമാനം അര്‍ഹിക്കുന്നു. ദേശിയ പതാക നിലത്ത് വയ്ക്കുന്നത് അനാദരവായാണ് ഇന്ത്യന്‍ നിയമം കണക്കാക്കുന്നത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ക്ക് തന്റെ ഹെല്‍മറ്റ് ചില സമയങ്ങളില്‍ ഗ്രൗണ്ടില്‍ വയ്‌ക്കേണ്ടതായി വരാറുണ്ട്. അങ്ങനെ വയ്ക്കുമ്പോള്‍ ദേശിയ പതാകയോടുള്ള അനാദരവാകും അത് എന്നത് കൊണ്ടാണ് ധോനിയുടെ ഹെല്‍മറ്റില്‍ ദേശിയ പതാകയ്ക്ക് സ്ഥാനമില്ലാത്തത്. 

മണ്ണ് തൊടുന്നില്ലെന്ന് ഉറപ്പാക്കിയ നിമിഷം

ഈ വര്‍ഷം ഫെബ്രുവരിയില്‍ കീവിസിനെതിരെ നടന്ന ട്വന്റി20 പരമ്പരയില്‍ ഗ്രൗണ്ടിലേക്ക് ധോനിക്കടുത്തേക്ക് ഒരു ആരാധകന്‍ എത്തിയിരുന്നു. ഇന്ത്യന്‍ പതാകയുമായിട്ടാണ് ഇയാള്‍ എത്തിയത്. ധോനിക്കടുത്തേക്കെത്തി താരത്തിന്റെ കാല്‍ തൊടാനുള്ള ശ്രമത്തിന് ഇടയില്‍ കയ്യിലിരുന്ന ദേശിയ പതാക ആരാധകന്‍ താഴെ വെച്ചു. 

ഇത് കണ്ട് ആരാധകന്റെ കയ്യില്‍ നിന്നും ദേശീയ പതാക ധോനി വാങ്ങിയെടുത്തു. ധോനിയുടെ ഈ പ്രവര്‍ത്തിയും ആരാധകരുടെ കയ്യടി നേടിയിരുന്നു. 

15000 അടി മുകളില്‍ നിന്ന് ചാട്ടം

ഇന്ത്യന്‍ സൈന്യത്തിലെ പാര റെജിമെന്റിലെ പരിശീലനത്തിന് ഇടയില്‍ 15000 അടി ഉയരത്തില്‍ നിന്ന് ധോനി ചാടി. 2015ലായിരുന്നു അത്. യോഗ്യത നേടാന്‍ അത്തരം പരിശീലനങ്ങള്‍ വിജയിക്കണം എന്നിരിക്കെ ധോനി അതിനെല്ലാം തയ്യാറായതും ആരാധകരെ വിസ്മയിപ്പിച്ചു. 

ബലിദാന്‍ ബാഡ്ജ്

ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്ജ് അണിഞ്ഞെത്തിയാണ് ധോനി മറ്റൊരിക്കല്‍ കൂടി രാജ്യസ്‌നേഹം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ ലഫ്‌നന്റ് കേണല്‍ പദവി ലഭിച്ചതോടെയാണ് ആ ചിഹ്നം ധോനിക്ക് ഉപയോഗിക്കാനായത്. വലിയ വിവാദമായിരുന്നു ധോനി ഈ ബാഡ്ജ് ധരിച്ച് കളിക്കിറങ്ങിയതോടെ വന്നു ചേര്‍ന്നത്. ഒടുവില്‍ ഐസിസി നിര്‍ദേശത്തിന് വഴങ്ങി ധോനിക്ക് വിക്കറ്റ് കീപ്പിങ് ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്ജ് നീക്കേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com