പോഗ്ബയെ തരൂ; ബെയ്ല്‍, ഇസ്‌കോ എന്നിവരിലൊരാളെ തരാം, ഒപ്പം കോടികളും; മാഞ്ചസ്റ്ററിന് മുന്നില്‍ വമ്പന്‍ ഓഫറുമായി റയല്‍ മാഡ്രിഡ്

ഫ്രാന്‍സിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ വരാനിരിക്കുന്ന സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജേഴ്‌സിയില്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്
പോഗ്ബയെ തരൂ; ബെയ്ല്‍, ഇസ്‌കോ എന്നിവരിലൊരാളെ തരാം, ഒപ്പം കോടികളും; മാഞ്ചസ്റ്ററിന് മുന്നില്‍ വമ്പന്‍ ഓഫറുമായി റയല്‍ മാഡ്രിഡ്

ലണ്ടന്‍: ഫ്രാന്‍സിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ വരാനിരിക്കുന്ന സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജേഴ്‌സിയില്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരം ഓള്‍ഡ് ട്രാഫോര്‍ഡിനോട് വിട പറയാന്‍ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ പ്രീ സീസണ്‍ പരിശീലനം ആരംഭിച്ച മാഞ്ചസ്റ്ററിനൊപ്പം പോഗ്ബ ചേര്‍ന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. 

പഴയ ടീമായ യുവന്റസ് നേരത്തെ തന്നെ പോഗ്ബയെ തിരിച്ച് ടീമിലെത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മോശം ഫോമില്‍ നിന്ന് ഇത്തവണ തിരിച്ചു വരവ് നടത്താന്‍ സ്പാനിഷ് ലാ ലിഗ കരുത്തന്‍മാരായ റയല്‍ മാഡ്രിഡ് ശ്രമങ്ങള്‍ നടത്തുകയാണ്. റയല്‍ മാഡ്രിഡും പോഗ്ബയ്ക്കായി ശ്രമങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വമ്പന്‍ ഓഫറാണ് പോഗ്ബയ്ക്കായി റയല്‍ മാഞ്ചസ്റ്ററിന് മുന്നില്‍ വച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 617 കോടി രൂപയും ഒപ്പം ഗെരത് ബെയ്ല്‍, ഇസ്‌ക്കോ എന്നിവരില്‍ ഒരാളെയും മാഞ്ചസ്റ്ററിന് നല്‍കാമെന്നാണ് സ്പാനിഷ് വമ്പന്‍മാരുടെ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചെല്‍സിയില്‍ നിന്ന് ഈഡന്‍ ഹസാദിനേയും ഫ്രാങ്ക്ഫര്‍ടില്‍ നിന്ന് ലുക ജോവിചിനേയും ഈ സീസണില്‍ ടീമിലെത്തിച്ച റയല്‍ മാധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കാനായാണ് പോഗ്ബയ്ക്കായി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. 

പോഗ്ബ മാഞ്ചസ്റ്റര്‍ വിടാന്‍ താത്പര്യപ്പെടുന്ന കാര്യം ക്ലബ് അധികൃതര്‍ക്ക് അറിയാമെന്ന് പോഗ്ബയുടെ ഏജന്റ് മിനോ റയോള വ്യക്തമാക്കിയിരുന്നു. 2016ലാണ് റെക്കോര്‍ഡ് തുകയ്ക്ക് പോഗ്ബ മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com