അര്‍ജന്റീനയെ നേഷന്‍സ് ലീഗ് കളിക്കാന്‍ ക്ഷണിച്ച് യുവേഫ; മെസി- റൊണാള്‍ഡോ മുഖാമുഖം അടുത്ത വര്‍ഷം?

യുവേഫ അവരെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്
അര്‍ജന്റീനയെ നേഷന്‍സ് ലീഗ് കളിക്കാന്‍ ക്ഷണിച്ച് യുവേഫ; മെസി- റൊണാള്‍ഡോ മുഖാമുഖം അടുത്ത വര്‍ഷം?

ബ്യൂണസ് അയേഴ്‌സ്: കോപ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ സെമിയില്‍ ബ്രസീലിനോട് തോറ്റ് അര്‍ജന്റീനയ്ക്ക് പുറത്ത് പോകേണ്ടി വന്നതില്‍ നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി കടുത്ത നിരാശയിലായിരുന്നു. ചിലിയെ കീഴടക്കി മൂന്നാം സ്ഥാനത്തെത്താന്‍ സാധിച്ചതാണ് അര്‍ജന്റീനയ്ക്ക് ആശ്വാസം നല്‍കിയത്. 

ചിലിക്കെതിരായ മത്സരത്തില്‍ മെസിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നിരുന്നു. മത്സര ശേഷം നടന്ന മെഡല്‍ ദാന ചടങ്ങിന് പോലും മെസി എത്തിയിരുന്നില്ല. ഇതിന് പിന്നാലെ റഫറിമാര്‍ക്കും ഫെഡറേഷനും എതിരെ മെസി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മെസിയുടെ പരാമര്‍ശങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. ഫൈനലിലേക്ക് എത്തരുത് എന്ന നിലപാടുമായാണ് റഫറിമാര്‍ അര്‍ജന്റീനയോട് പെരുമാറിയത്. ഫെഡറേഷന്റെ അഴിമതിയാണ് ഇവിടെ കാണുന്നതെന്നും മെസി പറഞ്ഞിരുന്നു. ബ്രസീലിന് വേണ്ടിയാണ് എല്ലാ ഒരുക്കിയതെന്ന ഗുരുതര ആരോപണം വരെ മെസി ഉന്നയിച്ചിരുന്നു. 

കടുത്ത ശിക്ഷ നേരിടാനുള്ള സാധ്യതയിലാണ് താരമിപ്പോള്‍ നില്‍ക്കുന്നത്. രണ്ടര വര്‍ഷത്തെ വിലക്ക് വരെയാണ് മെസിക്ക് മുന്‍പിലുള്ളത്. ഇത്രയും കാലയളവിലേക്ക് വിലക്ക് വന്നാല്‍ 2020ലെ അര്‍ജന്റീന അതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്കയും, ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിക്ക് നഷ്ടമാവും. 

എന്നാല്‍, മത്സര ഫലം എന്തു തന്നെയായാലും അത് മാന്യമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത് എന്നാണ് മെസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഫെഡറേഷന്‍ പ്രതികരിച്ചത്. മെസിയുടെ ആരോപണങ്ങള്‍ കോണ്‍മെബോല്‍ തള്ളിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നത്. കോപ അമേരിക്ക പോരാട്ടത്തില്‍ അര്‍ജന്റീന ടീം ഇനി മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാല്‍ യുവേഫ അവരെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കോപ അമേരിക്ക പോരാട്ടത്തില്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ അര്‍ജന്റീനയെ അടുത്ത വര്‍ഷം നടക്കുന്ന യുവേഫ നേഷന്‍സ് ലീഗില്‍ ക്ഷണിതാക്കളായി പങ്കെടുപ്പിക്കാമെന്ന വാഗ്ദാനമാണ് യുവേഫ അധികൃതര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മുന്നില്‍ വച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോക്‌സ് സ്‌പോര്‍ട്‌സാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

ഇക്കഴിഞ്ഞ സീസണില്‍ ആദ്യമായി അരങ്ങേറിയ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലാണ് കന്നി ചാമ്പ്യന്‍മാരായത്. ഫൈനലില്‍ ഹോളണ്ടിനെ കീഴടക്കിയാണ് പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിട്ടത്. അടുത്ത വര്‍ഷം മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി അറിയേണ്ടത്. കാത്തിരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com