മാരക്കാനയില്‍ പറന്ന് കാനറികള്‍, പെറുവിനെ കെട്ടുകെട്ടിച്ച് കോപ്പ അമേരിക്ക കിരീടം ബ്രസീലിന്‌

മാരാക്കാന ബ്രസീലിന്റെ വിജയഗാഥ എഴുതാന്‍ തയ്യാറായി നിന്നതോടെ പെറുവിന് ആതിഥേയരെ മലര്‍ത്തിയടിക്കാനുള്ള ശേഷിയുണ്ടായില്ല
മാരക്കാനയില്‍ പറന്ന് കാനറികള്‍, പെറുവിനെ കെട്ടുകെട്ടിച്ച് കോപ്പ അമേരിക്ക കിരീടം ബ്രസീലിന്‌

12 വര്‍ഷം നീണ്ട കാത്തിരിപ്പ് സ്വന്തം മണ്ണില്‍ വെച്ച് തന്നെ അവസാനിപ്പിച്ച് ബ്രസീല്‍. കോപ്പ അമേരിക്ക കിരീടം കാനറികള്‍ക്ക്.  ഇത് ഒന്‍പതാം വട്ടമാണ് ബ്രസീല്‍ കോപ്പയില്‍ മുത്തമിടുന്നത്. 2007ന് ശേഷമുള്ള കിരീട ദാഹം പെറുവിനെ 3-1ന് തകര്‍ത്തു വിട്ടാണ് ബ്രസീല്‍ തീര്‍ത്തത്. 

15ാം മിനിറ്റില്‍ എവര്‍ട്ടനിലൂടെയാണ് ബ്രസീല്‍ തുടങ്ങിയത്. ഗബ്രിയേല്‍ ജീസസിന്റെ ക്രോസില്‍ നിന്നായിരുന്നു അവിടെ ഗോള്‍ പിറന്നത്. 44ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു പെറുവിന്റെ ഒരേയൊരു ഗോള്‍. വലയ്ക്കകത്താക്കിയത് ഗ്യുറേരോ. 

സമനില കുരുക്കില്‍ നിന്നും ബ്രസീലിനെ രക്ഷപെടുത്താന്‍ ഉറച്ച് ഗബ്രിയേല്‍ ജീസസ് വീണ്ടും ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചു. അതോടെ ആദ്യ പകുതിയുടെ അധിക സമയത്ത് ജീസസിന്റെ വക ഗോളും 2-1ന്റെ ലീഡും.  90ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റിച്ചാര്‍ലിസനും ഗോള്‍ വല കുലുക്കിയതോടെ പെറുവിന് മറുപടിയൊന്നുമുണ്ടായില്ല. 

കളിയില്‍ ബ്രസീല്‍ ആധിപത്യം വ്യക്തമായിരുന്നു. എന്നാല്‍ എഴുപതാം മിനിറ്റില്‍ ജീസസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളുകള്‍ ഏറ്റുവാങ്ങി മടങ്ങിയ പെറുവിനെയല്ല ഫൈനലില്‍ കണ്ടത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഉറച്ച് നിന്ന പെറുവിനെ അതുകൊണ്ട് തന്നെ എളുപ്പമായിരുന്നില്ല ബ്രസീലിന് തകര്‍ക്കാന്‍. പക്ഷേ മാരാക്കാന ബ്രസീലിന്റെ വിജയഗാഥ എഴുതാന്‍ തയ്യാറായി നിന്നതോടെ പെറുവിന് ആതിഥേയരെ മലര്‍ത്തിയടിക്കാനുള്ള ശേഷിയുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com