വീണ്ടും മഴ 'കളിച്ചു'; ഇന്ത്യ- ന്യൂസിലന്‍ഡ് സെമിഫൈനല്‍ നിര്‍ത്തിവച്ചു

46.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 211 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴ എത്തിയത്
വീണ്ടും മഴ 'കളിച്ചു'; ഇന്ത്യ- ന്യൂസിലന്‍ഡ് സെമിഫൈനല്‍ നിര്‍ത്തിവച്ചു

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് സെമിഫൈനല്‍ മഴകാരണം നിര്‍ത്തിവെച്ചു. 46.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 211 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴ എത്തിയത്. 

67 റണ്‍സുമായി റോസ് ടെയ്‌ലറും മൂന്നു റണ്‍സുമായി ലാത്തമുമാണ് ക്രിസില്‍. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണറായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ തുടക്കത്തിലെ നഷ്ടമായി. തുടര്‍ന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസും വെറ്ററന്‍ താരം റോസ് ടെയ്‌ലറും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു.

14 പന്തുകള്‍ നേരിട്ട മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഒരു റണ്‍സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാച്ചെടുത്താണ് കിവി ഓപ്പണറെ മടക്കിയത്. ഹെന്റി നിക്കോള്‍സിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 51 പന്തുകള്‍ നേരിട്ട് 28 റണ്‍സുമായാണ് നിക്കോള്‍സ് പുറത്തായത്.

ടോസ് നേടി ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറും ബുമ്‌റ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനായിരുന്നു. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് കിവികള്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com