ഇന്നും മഴ പെയ്താൽ ഇന്ത്യ ഫൈനലിൽ

ഇന്നലെ മഴ തടസ്സപ്പെടുത്തിയ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം സെമി പോരാട്ടം ഇന്ന് തുടരും
ഇന്നും മഴ പെയ്താൽ ഇന്ത്യ ഫൈനലിൽ

മാഞ്ചസ്റ്റർ: ഇന്നലെ മഴ തടസ്സപ്പെടുത്തിയ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം സെമി പോരാട്ടം ഇന്ന് തുടരും. മഴ പിൻവാങ്ങാതെ വന്നതോടെ മത്സരത്തിന്റെ ബാക്കി റിസർവ് ദിനമായ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടാണെങ്കിലും മത്സരം ഇന്നലെ തന്നെ  തീർക്കാനുള്ള ശ്രമങ്ങൾ മഴ തുടർന്നതോടെ നടന്നില്ല. പെയ്തും തോർന്നും നിന്ന മഴ മത്സരം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾക്കു വിഘാതം സൃഷ്ടിച്ചു. ഇതോടെയാണ് മത്സരത്തിന്റെ ബാക്കി റിസർവ് ദിനത്തിലേക്കു മാറ്റാൻ അംപയർമാർ തീരുമാനിച്ചത്.

ഓവറുകൾ വെട്ടിച്ചുരുക്കിയാലും മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞത് 20 ഓവറെങ്കിലും കളിക്കാനുള്ള സമയമുണ്ടെങ്കിലേ റിസർവ് ദിനത്തിലേക്കു നീട്ടാതെ കളി പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ. തുടർച്ചയായി മഴ പെയ്തതോടെ ഈ സാധ്യതയും അടഞ്ഞു. 

റിസർവ് ദിനമായ ഇന്നും മത്സരം പൂർത്തിയാക്കാനാകാത്ത സ്ഥിതി വന്നാൽ ഇന്ത്യ ഫൈനലിലേക്കു മുന്നേറും. റൗണ്ട് റോബിൻ ഘട്ടത്തിൽ ഗ്രൂപ്പു ചാമ്പ്യൻമാരായതിന്റെ ആനുകൂല്യത്തിലാണിത്. റൗണ്ട് റോബിൻ ഘട്ടത്തിൽ ഒൻപതു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. ന്യൂസിലൻഡാകട്ടെ, ഒൻപത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്നു.

കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിലാണ്. ന്യൂസിലൻഡ് ഇന്നിങ്സിൽ ശേഷിക്കുന്ന 23 പന്തുകൾ റിസർവ് ദിനമായ ഇന്നാകും പൂർത്തിയാക്കുക. ഇതിനു ശേഷമാകും ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങുക. റോസ് ടെയ്‍ലർ (67), ടോം ലാതം (മൂന്ന്) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്. ന്യൂസിലൻഡ് ഇന്നിങ്സ് പുനഃരാരംഭിക്കും. ഇന്ത്യയ്ക്കായി 47ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വർ കുമാർ, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസർവ് ദിനത്തിലെ മത്സരത്തിനു തുടക്കമിടും.

ഓപണർമാരായ മാർട്ടിൻ ഗുപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com