ചരിത്രമെഴുതി ദ്യുതി ചന്ദ്; ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വർണം; റെക്കോർഡ്

ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്
ചരിത്രമെഴുതി ദ്യുതി ചന്ദ്; ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വർണം; റെക്കോർഡ്

നാപോളി: ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ​മീറ്റിൽ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വർണം സ്വന്തമാക്കിയാണ് ദ്യുതി ചരിത്രമെഴുതിയത്. 11.32 സെക്കൻഡില്‍ ഓടിയെത്തിയാണ് ദ്യുതിയുടെ സുവർണ നേട്ടം. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോർഡും ദ്യുതി സ്വന്തമാക്കി.

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അജ്‌ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കൻഡ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്‌സില്‍ 11.58 സെക്കൻഡെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ 11.41 സെക്കൻഡായി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കൻഡില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി. 

11.26 സെക്കൻഡാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം. 2019 ഏപ്രിലില്‍ ദോഹയിലായിരുന്നു ഈ സമയം കുറിച്ചത്. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കൻഡാണ്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ ആയ ദ്യുതിയുടെ പേരിലാണ് 100 മീറ്ററിലെ ദേശീയ റെക്കോർഡ്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം ദ്യുതി പറഞ്ഞു. പഠിക്കുന്ന കെഐഐടി യൂണിവേഴ്‌സിറ്റിക്കും സ്ഥാപകന്‍ പ്രൊഫസര്‍ സമന്റാജിക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും, ഒഡിഷയിലെ ജനങ്ങള്‍ക്കും, എല്ലാവിധ പിന്തുണയും തന്ന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും ഈ മെഡല്‍ സമര്‍പ്പിക്കുന്നതായും അവർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com