ഇംഗ്ലണ്ടിലേക്ക് പറന്നത് പോരായ്മകള്‍ മൂടിവെച്ച്; രവി ശാസ്ത്രി ഉത്തരം പറയണം

സ്വിങ്ങിനെ സഹായിക്കുന്ന മൂടിക്കെട്ടിയ അന്തരീക്ഷത്തെ അതിജീവിക്കാന്‍ ശാസ്ത്രി എങ്ങനെയാണ് ബാറ്റ്‌സ്മാന്മാരെ സഹായിച്ചത്
ഇംഗ്ലണ്ടിലേക്ക് പറന്നത് പോരായ്മകള്‍ മൂടിവെച്ച്; രവി ശാസ്ത്രി ഉത്തരം പറയണം

ധോനിയുടെ ബാറ്റിങ് പൊസിഷന്‍ നിശ്ചയിക്കുന്നതില്‍ രവി ശാസ്ത്രിയുടെ റോള്‍ എന്തായിരുന്നു? സ്വിങ്ങിനെ സഹായിക്കുന്ന മൂടിക്കെട്ടിയ അന്തരീക്ഷത്തെ അതിജീവിക്കാന്‍ ശാസ്ത്രി എങ്ങനെയാണ് ബാറ്റ്‌സ്മാന്മാരെ സഹായിച്ചത്. ഇത്രയും നാള്‍ എന്തായിരുന്നു ഇന്ത്യന്‍ ടീമില്‍ രവി ശാസ്ത്രിയുടെ റോള്‍? ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ചോദ്യങ്ങളധികവും ശാസ്ത്രിക്ക് നേരെ തന്നെയാവും...

പണ്ട് നമ്മള്‍ കണ്ട ഫിനിഷറല്ല ധോനി ഇപ്പോഴെന്ന് വ്യക്തമായിരുന്നിട്ടും ധോനിയെ ഏഴാമനാക്കി അയച്ചു. ലോകകപ്പില്‍ ഒരിക്കല്‍ മാത്രം ബാറ്റ് ചെയ്തിട്ടുള്ള ദിനേശ് കാര്‍ത്തിക്കിനെ 5-3ന് ടീം തകര്‍ന്ന് നില്‍ക്കുമ്പോള്‍ ക്രീസിലേക്കയച്ചു. ഈ സമയം കമന്ററി ബോക്‌സിലിരുന്ന് ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''ക്യാപ്റ്റന്‍ ഫീല്‍ഡിലായിരിക്കുമ്പോള്‍, വൈസ് ക്യാപ്റ്റന്‍, അല്ലെങ്കില്‍ കോച്ചിലായിരിക്കും പ്രതീക്ഷ. സമയോചിതമായി അവിടെ തീരുമാനമെടുക്കാനാവണം''. 

സെമി വരെ മികച്ച മുന്നേറ്റം നടത്താന്‍ ഇന്ത്യയ്ക്കായി. പക്ഷേ ലോകകപ്പിന് മുന്‍പ് നമ്മള്‍ വീണിടത്ത് തന്നെയാണ് ഇപ്പോഴും വീണിരിക്കുന്നത്...ധര്‍മശാലയില്‍, ഇംഗ്ലണ്ടില്‍ തന്നെ ലോകകപ്പിന് മുന്‍പ്, ഹാമില്‍ട്ടണില്‍...സ്വിങ്ങിന് മുന്‍പില്‍ ഒന്നും ചെയ്യാനാവാതെ ഇന്ത്യ വീണ ഇടങ്ങള്‍. മധ്യനിരയിലെ പിഴവുകള്‍ പരിഹരിക്കാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നത്. രോഹിത്, ധവാന്‍, കോഹ് ലി എന്നിവരില്‍ വിശ്വാസം വെച്ച്. 

പരിക്ക് ധവാന് വില്ലനായി. രോഹിത് കഴിയുന്നതെല്ലാം ചെയ്തു. കോഹ് ലി തന്റെ മികവിലേക്ക് ഉയര്‍ന്നില്ലെങ്കിലും 448 റണ്‍സ് നേടി ടീമിനെ തുണച്ചു. പിന്നെയുള്ളവരുടെ കാര്യങ്ങളിലാണ് ശാസ്ത്രി ഉത്തരം പറയേണ്ടത്. യുവരാജ് സിങ്, മനീഷ് പാണ്ഡേ, രഹാനെ, സുരേഷ് റെയ്‌ന, റായിഡു, ശ്രേയസ് അയ്യര്‍. ലോകകപ്പ് മുന്‍പില്‍ കണ്ട് ഇവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചു. 

എന്നിട്ട് ലോകകപ്പിലേക്ക് എത്തിയപ്പോഴോ? നാലാമന്‍ ആരാവും?  അഞ്ചാമത് ആര് ബാറ്റ് ചെയ്യും? ആര് ഫിനിഷറാവും? ഈ ചോദ്യങ്ങളെല്ലാം തലവേദനയായി. നാലാമത് ഇന്ത്യ കണ്ടെത്തിയ വിജയ് ശങ്കറുടെ ആവറേജാവട്ടെ 36.32. ഇതിലും മികച്ച ആവറേജുള്ള കളിക്കാര്‍ വേറെയുമുണ്ടായില്ലേ? എന്നിട്ടും? നാട്ടിലേക്കെത്തുന്ന ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com