ഒറ്റയാനായി സ്മിത്ത്; ഇംഗ്ലണ്ടിന് ഫൈനലിലേക്ക് 224 റണ്‍സ് ദൂരം 

ഓസ്‌ട്രേലിയയ്ക്ക് എതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം
ഒറ്റയാനായി സ്മിത്ത്; ഇംഗ്ലണ്ടിന് ഫൈനലിലേക്ക് 224 റണ്‍സ് ദൂരം 

ബര്‍മിങാം: ഓസ്‌ട്രേലിയയ്ക്ക് എതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 49 ഓവറില്‍ ഓസ്‌ട്രേലിയ 223 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വോക്‌സും റഷീദുമാണ് ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയത്. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്‌കോറര്‍.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഒരുഘട്ടത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കിയ ഓസ്‌ട്രേലിയ വീണ്ടും തകരുകയായിരുന്നു. എന്നാല്‍ അവസാനം വരെ പിടിച്ചുനിന്ന് സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കുകയായിരുന്നു. മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറിയ ഓസ്‌ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്തിന്റെയും ക്യാരിയുടെ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി. എന്നാല്‍ 27 ാം ഓവര്‍ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പിന്നീട് കണ്ടത്. സ്പിന്നര്‍ റഷീദ് രണ്ട് വിക്കറ്റുകളാണ് ഈ ഓവറില്‍ നേടിയത്. 22 റണ്‍സെടുത്ത മാക്‌സവെല്‍ പ്രതീക്ഷ നല്‍കിയെങ്കിലും പന്ത് നിര്‍ണയിക്കാന്‍ കഴിയാതെ മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അവസാനമത്സരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്റ്റീവന്‍ സ്മിത്തും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓസീസ് സ്‌കോര്‍ 200 കടത്തിയത്.

തുടക്കത്തില്‍ 14 റണ്‍സിനിടെ നായകന്‍ ആരോണ്‍ ഫിഞ്ച് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസ്‌ട്രേലിയയെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ക്യാരിയും ചേര്‍ന്ന് രക്ഷിക്കുന്നതാണ് പിന്നീട് കണ്ടത്. 103 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. 70 പന്തില്‍ 46 റണ്‍സ് എടുത്ത ക്യാരി പുറത്തായതിന് തൊട്ടുപിന്നാലെ എംപി സ്‌റ്റോയിന്‍സിനെയും അതേ ഓവറില്‍ തന്നെ റഷീദ് മടക്കുകയായിരുന്നു. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.ഏഴു ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഓസീസിന്റെ മൂന്ന് പ്രമുഖ താരങ്ങള്‍ കൂടാരം കയറി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഹാന്‍ഡ്‌സ് കോമ്പുമാണ് കൂടാരം പുറത്തായത്. തുടര്‍ന്നായിരുന്നു ഓസീസിനെ നൂറ് കടത്തിയ കൂട്ടുക്കെട്ട് പിറന്നത്.

കഴിഞ്ഞ കളികളില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന ഓപ്പണര്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആര്‍ച്ചറിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവില്‍ ഫിഞ്ച് കുരുങ്ങുകയായിരുന്നു. മറ്റൊരു ഓപ്പണറും ഓസീസിന്റെ മികച്ച താരവുമായ ഡേവിഡ് വാര്‍ണര്‍ ഒന്‍പത് റണ്‍സുമായി പുറത്തായി. രണ്ട് ഫോറുകള്‍ അതിര്‍ത്തി കടത്തി മികച്ച ഫോമിലാണെന്ന തോന്നല്‍ ജനിപ്പിച്ച വാര്‍ണര്‍ വോക്‌സിന്റെ പന്തിലാണ് പുറത്തായത്. ബെയര്‍സ്‌റ്റോ വാര്‍ണറുടെ ക്യാച്ച് എടുക്കുകയായിരുന്നു. 12 പന്തില്‍ നാല് റണ്‍സ് എടുത്ത ഹാന്‍ഡ്‌സ് കോമ്പിനെ വോക്‌സ് ബൗള്‍ഡാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com