ധോനിയുടെ റണ്‍ഔട്ടില്‍ അമ്പയറുടെ അശ്രദ്ധ? ഔട്ട്ഫീല്‍ഡില്‍ ആ സമയം 6 പേര്‍, ഗപ്റ്റിലും ഔട്ട്ഫീല്‍ഡില്‍

സര്‍ക്കിളിനുള്ളിലാണ് ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്തിരുന്നത് എങ്കില്‍ ധോനി രണ്ടാമത്തെ റണ്‍സിനായി ഓടില്ലായിരുന്നു 
ധോനിയുടെ റണ്‍ഔട്ടില്‍ അമ്പയറുടെ അശ്രദ്ധ? ഔട്ട്ഫീല്‍ഡില്‍ ആ സമയം 6 പേര്‍, ഗപ്റ്റിലും ഔട്ട്ഫീല്‍ഡില്‍

ധോനിയുടെ നിശ്ചയദാര്‍ഡ്യത്തിനേക്കാള്‍ കരുത്തും വേഗവും കൃത്യതയും ഗപ്റ്റിലിന്റെ കൈകളില്‍ നിന്നും വന്ന പന്തിനുണ്ടായിരുന്നു. ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ അപ്പാടെ തകര്‍ത്തായിരുന്നു ആ ഡയറക്ട് ഹിറ്റിന്റെ വരവ്. എന്നാല്‍ ആ സമയം അമ്പയറുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

ധോനി ഔട്ടായ പന്തിന്റെ നിയമസാധുതയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. 48ാം ഓവറിലെ ഫെര്‍ഗൂസന്റെ മൂന്നാമത്തെ ഡെലിവറിയുടെ സമയത്ത് ആറ് കീവീസ് താരങ്ങള്‍ ഔട്ട്ഫീല്‍ഡിലുണ്ടായെന്ന് കാണിക്കുന്ന ഗ്രാഫിക്‌സ് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മൂന്നാമത്തെ പവര്‍പ്ലേയില്‍ 5 ഫീല്‍ഡര്‍മാര്‍ മാത്രമാണ് ഔട്ട്ഫീല്‍ഡിലുണ്ടാവാന്‍ പാടുള്ളു എന്നാണ് ഐസിസി നിയമം. 

ഗ്രാഫിക്‌സില്‍ കാണിക്കുന്നത് പോലെ തന്നെയാണ് യാഥാര്‍ഥ്യം എങ്കില്‍ ധോനി ഔട്ടായ ഡെലിവറി നോബോള്‍ വിധിക്കേണ്ടതാണ്. പക്ഷേ, അമ്പയര്‍ അത് നോബോള്‍ വിളിച്ചാലും ധോനിയുടെ വിക്കറ്റ് അവിടെ വീഴുമായിരുന്നു. എന്നാല്‍, നോബോളായിരുന്നു അതെന്ന് അറിഞ്ഞിരുന്നെങ്കില്‍ ധോനി രണ്ടാമതൊരു റണ്‍സിന് വേണ്ടി ആ റിസ്‌ക് എടുക്കില്ലായിരുന്നു. മാത്രമല്ല, സര്‍ക്കിളിനുള്ളിലാണ് ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്തിരുന്നത് എങ്കില്‍ ധോനി രണ്ടാമത്തെ റണ്‍സിനായി ഓടില്ലായിരുന്നു എന്നതും വ്യക്തം. 

നാല് ഓവറിനുള്ളില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മടങ്ങിയെങ്കിലും തോല്‍വിയില്‍ നിര്‍ണായകമായത് ധോനിയുടെ റണ്‍ഔട്ടായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സില്‍ നില്‍ക്കെയാണ് ജഡേജയും ധോനിയും ഒന്നിക്കുന്നത്. ജയിക്കാമെന്ന പ്രതീക്ഷ ഇന്ത്യയ്ക്ക് നല്‍കി ഇന്ത്യന്‍ സ്‌കോര്‍ 208 റണ്‍സിലെത്തിച്ചാണ് ഇരുവരും പിരിഞ്ഞത്. ധോനിയുടെ റണ്‍ഔട്ടായിരുന്നു വഴിത്തിരിവായത് എന്ന് കീവീസ് നായകന്‍ കെയിന്‍ വില്യംസണും പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com