കോലിക്ക് പിന്നാലെ റോയിയും 'നിർഭാ​ഗ്യവാൻ' ; അമ്പയറിം​ഗിൽ പിഴവ് ; നേത്രരോ​ഗ വിദദ്ധനെ കാണിക്കണമെന്ന് ആരാധകർ

 85 റണ്‍സെടുത്ത ജേസൺ റോയ്, പാറ്റ് കമ്മിന്‍സ് എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു നിർഭാ​ഗ്യകരമായി പുറത്താകുന്നത്
കോലിക്ക് പിന്നാലെ റോയിയും 'നിർഭാ​ഗ്യവാൻ' ; അമ്പയറിം​ഗിൽ പിഴവ് ; നേത്രരോ​ഗ വിദദ്ധനെ കാണിക്കണമെന്ന് ആരാധകർ

ബര്‍മിങാം:  ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ അമ്പയറിം​ഗ് പിഴവിൽ  ഇംഗ്ലണ്ട്  ഓപ്പണര്‍ ജേസണ്‍ റോയിക്ക് നഷ്ടമായത് അര്‍ഹിച്ച സെഞ്ച്വറി. 65 പന്തില്‍ 85 റണ്‍സെടുത്ത് തകർപ്പൻ ഫോമിൽ നിന്നിരുന്ന ജേസൺ റോയ്, പാറ്റ് കമ്മിന്‍സ് എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു നിർഭാ​ഗ്യകരമായി പുറത്താകുന്നത്. അമ്പയറുടെ തെറ്റായ തീരുമാനമാണ് റോയിയെ പുറത്താക്കിയത്. 

പാറ്റ് കമ്മിൻസിന്റെ പന്ത് പുൾ ഷോട്ടിന് ശ്രമിക്കവെ, വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി ക്യാച്ചെടുത്താണ് റോയി പുറത്താകുന്നത്. എന്നാല്‍ പന്ത് ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ലായിരുന്നു. റീപ്ലേയില്‍ ഇതു വ്യക്തമായി. എന്നാല്‍ അമ്പയര്‍ ധർമ്മസേന ഔട്ട് എന്ന് വിളിച്ചതോടെ, ക്രീസ് വിടേണ്ട അവസ്ഥയായി ജേസൺ റോയിക്ക്. ഇം​ഗ്ലണ്ടിന് അനുവദിച്ചിട്ടുള്ള റിവ്യൂ അവസരം ജോണി ബെയർസ്റ്റോ ഉപയോ​ഗിച്ചിരുന്നതിനാൽ, ഡീആർഎസിന് അപ്പീൽ ചെയ്യാനും റോയിക്ക് കഴിയുമായിരുന്നില്ല. 

പ്രതിഷേധമെന്ന പോലെ ജേസണ്‍ റോയ് കുറച്ചു നേരം ഗ്രൗണ്ട് വിടാതെ നിന്നു. സെഞ്ചുറി അടിക്കാനാകാത്ത എല്ലാ നിരാശയും ഇംഗ്ലീഷ് ഓപ്പണര്‍ക്കുണ്ടായിരുന്നു. ഉടൻ സഹ അമ്പയർ മറിയസ് എറാസ്മസ് ഇടപെട്ട് റോയിയെ പവലിയനിലേക്ക് മടക്കി അയക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ വിരാട് കോഹ് ലിയുടെ പുറത്താകലും അമ്പയറിം​ഗ് പിഴവാണെന്ന് ആക്ഷേപമുണ്ട്. കോഹ് ലി ഔട്ടല്ലായിരുന്നുവെന്ന് പാക് മുൻ ക്രിക്കറ്റ് താരം ഷോയബ് അക്തർ അഭിപ്രായപ്പെട്ടിരുന്നു.

ജേസൺ റോയിയെ പുറത്താക്കിയ അമ്പയറിം​ഗ് പിഴവിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. അമ്പയറെ നേത്രരോ​ഗ വിദദ്ധനെ കാണിക്കണമെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ഇയാളെ അമ്പയറായി തെരഞ്ഞെടുത്തത് ആരാണെന്ന് മറ്റൊരാൾ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com