ഇംഗ്ലണ്ട് ആക്രമണത്തിന് മുന്‍പില്‍ ചെറുത്ത് നിന്ന് കീവീസ്; വില്യംസണും ഗപ്റ്റിലും മടങ്ങി, നികോള്‍സിന് അര്‍ധ ശതകം

ഗപ്റ്റിലിനെ തുടക്കത്തിലെ നഷ്ടപ്പെട്ടതിന് പിന്നാലെ നായകന്‍ കെയിന്‍ വില്യംസണും ഓപ്പണര്‍ നികോള്‍സും ചേര്‍ന്ന് കീവീസ് ഇന്നിങ്‌സ് വലിയ അപകടങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോയി
ഇംഗ്ലണ്ട് ആക്രമണത്തിന് മുന്‍പില്‍ ചെറുത്ത് നിന്ന് കീവീസ്; വില്യംസണും ഗപ്റ്റിലും മടങ്ങി, നികോള്‍സിന് അര്‍ധ ശതകം

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ഭേദപ്പെട്ട തുടക്കം. ഗപ്റ്റിലിനെ തുടക്കത്തിലെ നഷ്ടപ്പെട്ടതിന് പിന്നാലെ നായകന്‍ കെയിന്‍ വില്യംസണും ഓപ്പണര്‍ നികോള്‍സും ചേര്‍ന്ന് കീവീസ് ഇന്നിങ്‌സ് വലിയ അപകടങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോയി. 74 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് ഇരുവരും പിരിഞ്ഞത്.

പതിയെ കരുതലോടെയാണ് വില്യംസനും നികോള്‍സും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍, വേണ്ട ഇടവേളകളില്‍ ബൗണ്ടറികള്‍ നേടിയും സിംഗിളുകളിലൂടേയും ഡബിള്‍സിലൂടേയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചും 21ാം ഓവറില്‍ അവര്‍ ടീം സ്‌കോര്‍ മൂന്നക്കം കടത്തി. 53 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയാണ് വില്യംസണ്‍ മടങ്ങിയത്. പ്ലംങ്കറ്റിന്റെ പന്തില്‍ എഡ്ജ് ചെയ്ത് പന്ത് ബട്ട്‌ലറുടെ കൈകളിലെത്തുകയായിരുന്നു. 

ടീം സ്‌കോര്‍ 29 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഗപ്റ്റിലിനെ കീവീസിന് നഷ്ടമായി. 18 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സും പറത്തി 19 റണ്‍സ് എടുത്ത് ഫോമിലേക്കെത്തുന്നതിന്റെ നേരിയ സൂചനകള്‍ ഗപ്റ്റില്‍ നല്‍കിയതിന് പിന്നാലെയാണ് വോക്‌സ് കീവീസ് ഓപ്പണറെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയത്. 

ലോര്‍ഡ്‌സിലെ കഴിഞ്ഞ നാല് ലോകകപ്പ് മത്സരങ്ങളില്‍ നാലിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചിരുന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള മുന്‍തൂക്കം കാര്യമാക്കാതെ വില്യംസന്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോര്‍ഡ്‌സിലെ നിലവിലെ സാഹചര്യത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനെ മുന്‍തൂക്കം ലഭിക്കും എന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടത്. അങ്ങനെ വന്നാല്‍ ലോക കിരീടം ഇംഗ്ലണ്ട് ഉയര്‍ത്തിയേക്കും. എന്നാല്‍, ഇന്ത്യയെ എറിഞ്ഞിട്ടത് പോലെ ഇംഗ്ലണ്ട് നിരയേയും തുടക്കത്തിലേ തകര്‍ക്കാനായാല്‍ കീവീസ് ചരിത്രമെഴുതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com