ലോകകപ്പ് കിരീടം ഇന്ന് ആരുയര്‍ത്തും? മുന്‍തൂക്കം ഇംഗ്ലണ്ടിന്, മലര്‍ത്തിയടിക്കാന്‍ കീവീസ്‌

27 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലെ ഫൈനല്‍ പ്രവേശനം കിരീടവും കയ്യിലേന്തി മോര്‍ഗനും കൂട്ടരും അവസാനിപ്പിക്കുമോ?
ലോകകപ്പ് കിരീടം ഇന്ന് ആരുയര്‍ത്തും? മുന്‍തൂക്കം ഇംഗ്ലണ്ടിന്, മലര്‍ത്തിയടിക്കാന്‍ കീവീസ്‌

ലോര്‍ഡ്‌സില്‍ ലോകകപ്പ് കിരീടം ഇന്ന് ആരുയര്‍ത്തും? വില്യംസണോ? അതോ, 27 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലെ ഫൈനല്‍ പ്രവേശനം കിരീടവും കയ്യിലേന്തി മോര്‍ഗനും കൂട്ടരും അവസാനിപ്പിക്കുമോ? ലോര്‍ഡ്‌സില്‍ മുന്‍ തൂക്കം ആതിഥേയര്‍ക്ക് തന്നെയാണ്...പക്ഷേ സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചെത്തുന്ന കീവീസ് വില്യംസണിന്റെ തന്ത്രങ്ങള്‍ കൂടി ചേരുമ്പോള്‍ ചില്ലറക്കാരല്ല...

23 വര്‍ഷത്തിന് ശേഷമാണ് ലോകകപ്പ് ക്രിക്കറ്റിന് പുതിയ ചാമ്പ്യന്‍ വരാന്‍ പോവുന്നത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന ലോകകപ്പായിരുന്നു ഇതെങ്കിലും ഫൈനലിന് മഴയുടെ ഭീഷണിയില്ല. മഴ മേഘങ്ങള്‍ മാറി നില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഓസീസിനെ സെമിയില്‍ 14-3ന് തകര്‍ത്ത ആര്‍ച്ചര്‍-വോക്‌സ് സഖ്യം. മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദില്‍ റാഷിദ്. ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരായി കളി തുടരുന്ന ജാസന്‍ റോയ്-ബെയര്‍സ്‌റ്റോ കൂട്ടുകെട്ട്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലും തോറ്റ് മടങ്ങാതിരിക്കാന്‍ കീവീസിന് വിയര്‍ക്കേണ്ടി വരുമെന്ന് വ്യക്തം. 

ബൗളിങ്ങില്‍ കീവീസിന് വലിയ ആശങ്കകളില്ല. നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ഇന്ത്യന്‍ ബാറ്റിങ് നിരയെ 5-3നാണ് ബോള്‍ട്ടും മാറ്റ് ഹെന്റിയും ചേര്‍ന്ന് തകര്‍ത്തത്. ബൗളര്‍മാര്‍ക്ക് കരുത്തായി തകര്‍പ്പന്‍ ഫീല്‍ഡിങ്ങും കീവീസ് താരങ്ങളില്‍ നിന്ന് വരുന്നു. പക്ഷേ ബാറ്റിങ്ങില്‍ വില്യംസനേയും, ടെയ്‌ലറേയും അമിതമായി ആശ്രയിക്കുകയാണ് അവര്‍. 

1992 ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി ഫൈനലിലെത്തിയത്. കീവീസാവട്ടെ 2015 ലോകകപ്പ് ഫൈനലില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചിട്ടുണ്ടാവണം. ലോര്‍ഡ്‌സില്‍, സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ എല്ലാ മികവുമെടുത്ത് കളിക്കാന്‍ ഇംഗ്ലണ്ടിനാവുമോ? ഹോം ഗ്രൗണ്ട് എന്നത് അധിക സമ്മര്‍ദ്ദമായി ഇംഗ്ലണ്ടിന് മേല്‍ വീണാല്‍, അവര്‍ക്കതിനെ അതിജീവിക്കാന്‍ സാധിക്കാതെ വരികയും, വില്യംസണിന്റെ നായകത്വത്തിന് അതിനെ മുതലെടുക്കാന്‍ സാധിക്കുകയും ചെയ്താല്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com