എന്തൊരു ഞായറാഴ്ചയായിരുന്നു അത്; നെഞ്ചിടിപ്പ് കൂട്ടി കൊല്ലാറാക്കിയ സൂപ്പര്‍ ഓവര്‍, ടൈ ബ്രേക്കര്‍

വിംബിള്‍ഡണ്‍ ഫൈനല്‍, ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ എന്നിവ ഒരേ ദിവസം വന്നത് തിരിച്ചറിഞ്ഞപ്പോള്‍ പോലും ഇതുപോലൊരു അവസാനമായിരിക്കും എന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണില്ല
എന്തൊരു ഞായറാഴ്ചയായിരുന്നു അത്; നെഞ്ചിടിപ്പ് കൂട്ടി കൊല്ലാറാക്കിയ സൂപ്പര്‍ ഓവര്‍, ടൈ ബ്രേക്കര്‍

തുപോലൊരു ഞായറാഴ്ച വേറെയുണ്ടാവില്ല. വിംബിള്‍ഡണ്‍ ഫൈനല്‍, ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ എന്നിവ ഒരേ ദിവസം വന്നത് തിരിച്ചറിഞ്ഞപ്പോള്‍ പോലും ഇതുപോലൊരു അവസാനമായിരിക്കും എന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണില്ല. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി കൊല്ലറാക്കിയാണ് വിംബിള്‍ഡണില്‍ ജോക്കോവിച്ചും, ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും കീരീടമുയര്‍ത്തിയത്. 

ആദ്യ മൂന്ന് സെറ്റില്‍ രണ്ടിലും ടൈബ്രേക്ക് പോയിന്റ് വേണ്ടിവന്നതോടെ തന്നെ ജോക്കോവിച്ച്-ഫെഡറര്‍ പോര് കടുക്കുമെന്ന് വ്യക്തമായിരുന്നു. ഇപ്പുറത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയില്‍ സെമി ഫൈനലില്‍ ഇന്ത്യ അഭിമുഖീകരിച്ചത് പോലൊന്ന് ഇംഗ്ലണ്ടിന്റെ മുന്‍പിലും. സ്റ്റോക്‌സും ബട്ട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ജയത്തോട് അടുപ്പിക്കുന്നു. 

44ാം ഓവറില്‍ ബട്ട്‌ലറെ മടക്കി കീവീസിനെ വീണ്ടും കളിയിലേക്ക് കൊണ്ട് വന്ന് ഫെര്‍ഗൂസന്‍. 46ാം ഓവറില്‍ വോക്‌സിനേയും, 48ാം ഓവറില്‍ പ്ലംങ്കറ്റിനേയും മടക്കി വലിയ സമ്മര്‍ദ്ദത്തിലേക്ക് ഇംഗ്ലണ്ടിനെ തള്ളിയിട്ട് കീവീസ്. പക്ഷേ സമനില ഉറപ്പിച്ച് സൂപ്പര്‍ ഓവറിലേക്ക് കളി കൊണ്ടുപോവാന്‍ ഇംഗ്ലണ്ടിന്റെ പത്താമന്‍ പുറത്താവുമ്പോഴും മറുവശത്ത് ബെന്‍ സ്‌റ്റോക്ക് ഉറച്ച് നിന്നിരുന്നു. 

സൂപ്പര്‍ ഓവറിലും 15-15 എന്ന് കട്ടയ്ക്ക്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ ഇംഗ്ലണ്ട് കിരീടം ഉയര്‍ത്തി. ഇതേ സമയം ടൈബ്രേക്കറില്‍ ഫെഡറര്‍ ജോക്കോവിച്ചിന് മുന്‍പില്‍ തോല്‍വി സമ്മതിച്ചിരുന്നു. 7-6, 1-6, 7-6, 4-6, 13-12 എന്നീ സെറ്റുകള്‍ക്കാണ് ആവേശം നിറച്ച ഫൈനലില്‍ ജോക്കോവിച്ചിന്റെ ജയം. വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലായിരുന്നു അത്. 

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും, കീവീസും ജയിച്ചു എന്ന് പറയുന്നത് പോലെ വിംബിള്‍ഡണില്‍ ജോക്കോവിച്ചിനൊപ്പം ഫെഡററും ജയിച്ചു തന്നെയാണ് കയറിയത്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com