വിരമിക്കാന്‍ ധോനിയോട് ബിസിസിഐ ആവശ്യപ്പെടുന്നു; സ്വയം മാറിയില്ലെങ്കില്‍ ടീം സെലക്ഷന് പരിഗണിക്കില്ല

ഇന്ത്യന്‍ ടീമില്‍ ധോനിയുടെ സമയം അവസാനിച്ചുകഴിഞ്ഞുവെന്ന കാര്യം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ധോനിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്
വിരമിക്കാന്‍ ധോനിയോട് ബിസിസിഐ ആവശ്യപ്പെടുന്നു; സ്വയം മാറിയില്ലെങ്കില്‍ ടീം സെലക്ഷന് പരിഗണിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയോട് ബിസിസിഐ വിരമിക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടീമില്‍ ധോനിയുടെ സമയം അവസാനിച്ചുകഴിഞ്ഞുവെന്ന കാര്യം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ധോനിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വയം മാറി നിന്നില്ലെങ്കില്‍ ടീം സെലക്ഷനില്‍ ധോനിയെ പരിഗണിക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. 

ഇതുവരെ ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. റിഷഭ് പന്തിനെ പോലെ യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നു. പഴയ ബാറ്റ്‌സ്മാനല്ല ധോനിയിപ്പോള്‍, ലോകകപ്പില്‍ നമ്മളത് കണ്ടതാണ്. ആറാമനും ഏഴാമനുമായി ഇറങ്ങിയിട്ട് ധോനി പ്രയാസപ്പെടുന്നു. അത് ടീമിനേയും ബാധിക്കുന്നു, ബിസിസിഐയിലെ ഉന്നത വൃത്തത്തിന്റെ പ്രതികരണം ഇങ്ങനെ.

വിരമിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ബിസിസിഐയില്‍ നിന്നാരും ധോനിയുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ലോകകപ്പിന് ഇടയില്‍ ശ്രദ്ധ കളയാതിരിക്കാനായിരുന്നു അത്. എന്നാല്‍ ധോനി കളി അവസാനിപ്പിക്കേണ്ട സമയം ഇതാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ധോനിക്കിനി ഒന്നും തെളിയിക്കേണ്ടതായിട്ടില്ല, ഇതുവരെ നേടിയതില്‍ കൂടുതല്‍ ഒന്നും നേടാനുമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ നിലപാട്. 

ലോകകപ്പിലെ ധോനിയെ ബാറ്റിങ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരേയും, ഇംഗ്ലണ്ടിനെതിരേയുമുള്ള മത്സരം കഴിഞ്ഞതിന് പിന്നാലെ സച്ചിനും ഗാംഗുലിയും ഉള്‍പ്പെടെയുള്ളവര്‍ ധോനിക്കെതിരെ എത്തുകയും, വിരമിക്കല്‍ മുറവിളികള്‍ ശക്തമാവുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത വിന്‍ഡിസ് പരമ്പരയിലോ, 2020 ലോകകപ്പ് ട്വന്റി20യിലേക്കോ ധോനിയെ സെലക്ടര്‍മാര്‍ പരിഗണിക്കില്ലെന്ന് വ്യക്തമാണ്. 

വിരമിക്കല്‍ പ്രഖ്യാപിക്കരുത് എന്ന ആവശ്യം ധോനിക്ക് മുന്‍പിലേക്ക് പല കോണില്‍ നിന്ന് വരുന്നുണ്ടെങ്കിലും മാറേണ്ട സമയമെത്തി എന്നാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. ഇതിഹാസ പരിവേശം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെയവര്‍ക്ക് കളിക്കളം വിടാന്‍ ബുദ്ധിമുട്ടായിരിക്കും. 1.4 ബില്യണ്‍ ജനങ്ങള്‍ പിന്തുടരുമ്പോള്‍ അവര്‍ ഇതിഹാസവും ദൈവവുമെല്ലാമാവുന്നു. അതില്‍ നിന്ന് പുറത്തുവരിക പ്രയാസമാണെന്നാണ് വോ ചൂണ്ടിക്കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com