ശാസ്ത്രിക്ക് പകരം പുതിയ പരിശീലകൻ; അപേക്ഷ ക്ഷണിച്ച് ബിസിസിഐ; തേടുന്നത് 60 വയസിൽ താഴെയുള്ളവരെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെത്തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
ശാസ്ത്രിക്ക് പകരം പുതിയ പരിശീലകൻ; അപേക്ഷ ക്ഷണിച്ച് ബിസിസിഐ; തേടുന്നത് 60 വയസിൽ താഴെയുള്ളവരെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെത്തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. മുഖ്യ പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ബൗളിങ് പരിശീലകന്‍, ഫീല്‍ഡിങ് പരിശീലകന്‍, ഫിസിയോ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ പദവികളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. `

വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 30 വൈകീട്ട് അഞ്ച് മണി വരെയാണ് അപേക്ഷ സ്വീകരിക്കുക.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള രാജ്യത്തിന്റെ പരിശീലക സ്ഥാനത്ത് കുറഞ്ഞത് രണ്ട് വര്‍ഷം സേവനം അനുഷ്ഠിച്ച വ്യക്തിയായിരിക്കണം, അല്ലെങ്കില്‍ ഐസിസി അസോസിയേറ്റ് രാജ്യത്തിന്റെ പരിശീലകനോ, ഐപിഎല്ലിലോ തതുല്യമായ ലീഗുകളിലെയോ പരിശീലകനായിട്ടുള്ള ആളായിരിക്കണം. അല്ലെങ്കില്‍ ലീഗുകളില്‍, ഫസ്റ്റ് ക്ലാസ് ടീമുകളില്‍, ദേശീയ എ ടീമുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പരിശീലക പദവിയിലിരുന്നിട്ടുള്ള വ്യക്തിയായിരിക്കണം. കുറഞ്ഞത് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിട്ടുള്ള വ്യക്തിയായിരിക്കണം അല്ലെങ്കില്‍ പരിശീലകര്‍ക്കുള്ള ബിസിസിഐയുടെ ലെവല്‍ ത്രീ സര്‍ട്ടിഫിക്കറ്റ് നേടിയ ആളായിരിക്കണം. പ്രായപരിധി 60 വയസില്‍ കൂടരുത്. ബാറ്റിങ് പരിശീലകന്‍ കുറഞ്ഞത് 10 ടെസ്റ്റുകളോ 25 ഏകദിനങ്ങളോ കളിച്ചിട്ടുള്ള വ്യക്തിയായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

വിവാദങ്ങളെ തുടര്‍ന്ന് അനില്‍ കുംബ്ലെ പിന്‍മാറിയതിന് പിന്നാലെയായിരുന്നു രവി ശാസ്ത്രി ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ജൂലൈ 2017ലായിരുന്നു ശാസ്ത്രിയുടെ വരവ്. ലോകകപ്പോടെ രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭാരത് അരുണ്‍, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധരന്‍ എന്നിവരുടെ കാലാവധി കരാര്‍ പ്രകാരം അവസാനിക്കുമായിരുന്നു. ലോകകപ്പിനിടെ കാലാവധി 45 ദിവസത്തേക്ക് കൂടി ബിസിസിഐ നീട്ടിനല്‍കുകയായിരുന്നു. വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ പോരാട്ടത്തിലും ഇവര്‍ ടീമിനൊപ്പമുണ്ടാകും. 

പര്യടനത്തിനായി എത്തുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാട്ടിലെ പോരാട്ടത്തില്‍ പുതിയ പരിശീലകന് കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുക. സെപ്റ്റംബര്‍ 15 മുതലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് തുടക്കമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com