'ആ ഫോര്‍ പിന്‍വലിക്കണം' ; സ്റ്റോക്ക്‌സ് അമ്പയറോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ആന്‍ഡേഴ്‌സന്‍

ത്രോ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈനിലേക്ക് എത്തിയാല്‍ അവിടെ കളിക്കാര്‍ക്ക് ഒന്നും ചെയ്യാനാവില്ല
'ആ ഫോര്‍ പിന്‍വലിക്കണം' ; സ്റ്റോക്ക്‌സ് അമ്പയറോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ആന്‍ഡേഴ്‌സന്‍

ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ കൊണ്ട് ബൗണ്ടറി ലൈന്‍ തൊട്ട ഓവര്‍ ത്രോയെ ചൊല്ലിയുള്ള അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ആറ് റണ്‍സ് അവിടെ അനുവദിച്ച അമ്പയറുടെ തീരുമാനം തെറ്റായിരുന്നു എന്ന വിമര്‍ശനമാണ് ഫൈനലിന് പിന്നാലെ ശക്തമായത്. എന്നാല്‍, ആ ഫോര്‍ അനുവദിക്കരുത് എന്ന് അമ്പയറോട് ആ സമയം സ്‌റ്റോക്ക് ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. 

ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സ്റ്റംപിലേക്ക് വന്ന ത്രോ ബാറ്റിലോ, ശരീരത്തിലോ തട്ടി ഗ്യാപ്പിലേക്ക് പോയാല്‍ റണ്‍സ്  എടുക്കാന്‍ ശ്രമിക്കില്ല. അതാണ് ക്രിക്കറ്റിലെ മാന്യതയെന്ന് ആന്‍ഡേഴ്‌സന്‍ ബിബിസി പോഡ്കാസ്റ്റില്‍ പറഞ്ഞതായി സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇങ്ങനെ വരുന്ന ത്രോ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈനിലേക്ക് എത്തിയാല്‍ അവിടെ കളിക്കാര്‍ക്ക് ഒന്നും ചെയ്യാനാവില്ല, ബൗണ്ടറിയവിടെ അനുവദിക്കുമെന്നും ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നു. 

അമ്പയറുടെ പക്കലേക്ക് സ്റ്റോക്ക് ചെല്ലുകയും, ആ നാല് റണ്‍സ് തിരിച്ചെടുക്കാമോ എന്ന് സ്‌റ്റോക്ക്‌സ് ആവശ്യപ്പെടുകയും, ഞങ്ങള്‍ക്ക് ആ റണ്‍സ് വേണ്ടെന്ന് പറയുകയും ചെയ്‌തെന്ന് സ്റ്റോക്ക്‌സ് മൈക്കള്‍ വോണിനോട് പറഞ്ഞതായി ആന്‍ഡേഴ്‌സന്‍ പറയുന്നു. പക്ഷേ നിയമത്തില്‍ പറയുന്നത് അങ്ങനെയാണ്. അതിനാല്‍ അത് അനുവദിക്കേണ്ടി വന്നുവെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 

അവിടെ ആറ് റണ്‍സ് അനുവദിച്ചത് അമ്പയറുടെ ഭാഗത്ത് നിന്നുമുണ്ടായ പിഴവാണെന്നും, അഞ്ച് റണ്‍സ് മാത്രമാണ് അവിടെ അനുവദിക്കേണ്ടിയിരുന്നത് എന്നും അഭിപ്രായപ്പെട്ട് ഐസിസി മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ലോകകപ്പ് ഫൈനലില്‍ കിരീടം ചൂടിയതിന് പിന്നാലെ, ആ ആറ് റണ്‍സിന്റെ പേരില്‍ വില്യംസണിനോട് സ്‌റ്റോക്ക്‌സ് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. അവിടെ സംഭവിച്ചതിന് ജീവിതകാലം മുഴുവന്‍ നിങ്ങളോട് ഞാന്‍ ക്ഷമ യാചിച്ചുകൊണ്ടിരിക്കും എന്നായിരുന്നു സ്‌റ്റോക്ക്‌സ് വില്യംസണിനോട് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com