കോഹ്‌ലിയും രോഹിതും തമ്മിൽ ഒരു പ്രശ്നവുമില്ല; ആരോപണങ്ങൾ അസംബന്ധം

തോല്‍വിക്കു പിന്നാലെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍
കോഹ്‌ലിയും രോഹിതും തമ്മിൽ ഒരു പ്രശ്നവുമില്ല; ആരോപണങ്ങൾ അസംബന്ധം

മുംബൈ: വൻ പ്രതീക്ഷകളുമായാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇം​ഗ്ലണ്ടിൽ എത്തിയത്. ലോകോത്തര ബാറ്റിങ് നിരയും വൈവിധ്യം നിറഞ്ഞ ബൗളിങ് പടയും ടീമിന്റെ കരുത്തായി വിലയിരുത്തപ്പെട്ടു. സാധ്യതാ പട്ടികയിൽ ഇന്ത്യയും മുന്നിലുണ്ടായിരുന്നു. പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്ക് മുന്നേറി കരുത്ത് തെളിയിക്കുകയും ചെയ്തു. 

എന്നാൽ സെമിയിൽ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയോടെ ഇന്ത്യക്ക് പുറത്ത് പോകേണ്ടി വന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ ഇരു പക്ഷമായി നിന്ന് ടീമിൽ വിഭാ​ഗീയത വളർത്തിയെന്ന തരത്തിലായിരുന്നു വാർത്തകൾ. 

തോല്‍വിക്കു പിന്നാലെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഇന്ത്യൻ ടീമിനോടടുത്ത വൃത്തങ്ങളിൽ ഒരാൾ തള്ളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു. 

ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന്‍ രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും ക്യാപ്റ്റനായ കോഹ്‌ലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടീമിലെ അസ്വാരസ്യങ്ങളെ കുറിച്ചും കോഹ്‌ലിയും രോഹിത്തും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം പുറത്തുവന്ന റിപ്പോര്‍ട്ടുകൾ ശുദ്ധ അസംബന്ധമാണെന്ന് ഈ വ്യക്തി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പ് കഴിഞ്ഞതോടെ ആര്‍ക്കോ പുതിയ തലക്കെട്ടുകള്‍ ആവശ്യമായി വന്നതിന്റെ ഫലമാണ് ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും ഇത് തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com