'ഞാന്‍ അര്‍ബുദവുമായുള്ള പോരാട്ടത്തിലായിരുന്നു'- വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം

അര്‍ബുദ രോഗവുമായുള്ള പോരാട്ടത്തിലായിരുന്നു താനെന്ന് വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇയാന്‍ ചാപ്പല്‍
'ഞാന്‍ അര്‍ബുദവുമായുള്ള പോരാട്ടത്തിലായിരുന്നു'- വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം

സിഡ്‌നി: അര്‍ബുദ രോഗവുമായുള്ള പോരാട്ടത്തിലായിരുന്നു താനെന്ന് വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇയാന്‍ ചാപ്പല്‍. ത്വക്കിനെ ബാധിക്കുന്ന കാന്‍സറാണ് തനിക്ക് പിടിപെട്ടതെന്നും 75കാരനായ കമന്റേറ്റര്‍ കൂടിയായ ചാപ്പല്‍ വെളിപ്പെടുത്തി. 

തോളിലും കഴുത്തിലും അടിവയറ്റിലുമായാണ് കാന്‍സര്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് ആഴ്ചകളായി റേഡിയോ തെറാപ്പിക്ക് താന്‍ വിധേയനായതായും ചാപ്പല്‍ പറഞ്ഞു. ആഴ്ചയില്‍ അഞ്ച് ദിവസം റേഡിയോ തെറാപ്പിക്കായി ആശുപത്രിയിലായിരിക്കും. ഇങ്ങനെ തുടര്‍ച്ചയായി അഞ്ച് ആഴ്ചകളായിരുന്നു ചികിത്സ. മരണത്തെ സ്വീകരിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഇതിഹാസ താരം വെളിപ്പെടുത്തി. രോഗത്തില്‍ നിന്ന് മുക്തി നേടി വരുന്നതായും അടുത്ത മാസം നടക്കുന്ന ആഷസ് പോരാട്ടത്തില്‍ കമന്റേറ്ററായി എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. 

തന്റെ അസുഖത്തെപ്പറ്റി അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളുവെന്ന് അദ്ദേഹം പറയുന്നു. സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും പിന്തുണയിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത ഇതിഹാസ താരങ്ങളിലൊരാളാണ് ഇയാന്‍ ചാപ്പല്‍. ഓസീസിനായി 1964 മുതല്‍ 1980 വരെ കളിച്ച ചാപ്പല്‍ 75 ടെസ്റ്റ് മത്സരങ്ങളിലായി രാജ്യത്തെ പ്രതിനിധീകരിച്ചു. ടെസ്റ്റില്‍ 5,345 റണ്‍സും അദ്ദേഹം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com