ട്വിസ്റ്റ്; കൊല്‍ക്കത്തയിലേക്കല്ല, ട്രെവര്‍ ബെയ്‌ലിസ് സണ്‍റൈസേഴ്‌സിന്റെ പരിശീലകനാകും; ഔദ്യോഗിക സ്ഥിരീകരണം

ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനെ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ കോച്ചായി നിയമിച്ചു
ട്വിസ്റ്റ്; കൊല്‍ക്കത്തയിലേക്കല്ല, ട്രെവര്‍ ബെയ്‌ലിസ് സണ്‍റൈസേഴ്‌സിന്റെ പരിശീലകനാകും; ഔദ്യോഗിക സ്ഥിരീകരണം

ഹൈദരാബാദ്: ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസിനെ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ കോച്ചായി നിയമിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബെയ്‌ലിസിനെ പരിശീലകനായി എത്തിക്കുമെന്ന വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിക്കുന്നതിനിടെയാണ് വമ്പന്‍ ട്വിസ്റ്റുമായി ഹൈദരാബാദിന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തിയിരിക്കുന്നത്. 

സണ്‍റൈസേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഓസ്‌ട്രേലിയന്‍ പരിശീലകന്‍ തന്നെയായ ടോം മൂഡിക്ക് പകരമാണ് ബെയ്‌ലിസ് സ്ഥാനമേല്‍ക്കുന്നത്. 2016ലാണ് ടോം മൂഡിയുടെ തന്ത്രങ്ങളുടെ ബലത്തില്‍ ഹൈദരാബാദ് ടീം കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹൈദരാബാദിനെ ടോം മൂഡിയായിരുന്നു പരിശീലിപ്പിച്ചത്. 

സമീപകാലത്ത് ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ പരിശീലകനാണ് ബെയ്‌ലിസ്. കൊല്‍ക്കത്തയ്‌ക്കൊപ്പം രണ്ട് ഐപിഎല്‍ കിരീടങ്ങള്‍, സിഡ്‌നി സിക്‌സേഴ്‌സിനെ ബിഗ്ബാഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കിരീടത്തിലേക്ക് നയിച്ച നേട്ടങ്ങളും ബെയ്‌ലിസിന് സ്വന്തം. ഇംഗ്ലണ്ടിന് ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് കിരീടമെന്ന അനുപമ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ബെയ്‌ലിസിന് സാധിച്ചു. 

56കാരനായ ബെയ്‌ലിസിനെ അടുത്ത സീസണിലെ പരിശീലകനായി നിയമിച്ചത് ഹൈദരാബാദ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് വര്‍ഷം ടീമിനെ പരിശീലിപ്പിച്ച ടോം മൂഡിക്ക് നന്ദി പറയുന്നതായും ടീം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com