'എന്നോടും, സച്ചിന്‍, സെവാഗ് എന്നിവരോടും ചെയ്തതാണ് ഇപ്പോള്‍ ധോനിക്ക് മുന്‍പില്‍'; ആ കാരണം കൊണ്ട് തന്നെ ധോനിയും മാറി നില്‍ക്കണം; ഗംഭീര്‍

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അല്ലെങ്കില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍...ആരാണ് യോഗ്യന്‍ എന്ന് കണ്ടെത്തി ടീമിന്റെ വിക്കറ്റ് കീപ്പറാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്
'എന്നോടും, സച്ചിന്‍, സെവാഗ് എന്നിവരോടും ചെയ്തതാണ് ഇപ്പോള്‍ ധോനിക്ക് മുന്‍പില്‍'; ആ കാരണം കൊണ്ട് തന്നെ ധോനിയും മാറി നില്‍ക്കണം; ഗംഭീര്‍

'നായകനായിരിക്കുന്ന സമയത്ത് ധോനി ടീമിന്റെ ഭാവി മുന്‍പില്‍ കണ്ടാണ് പ്രവര്‍ത്തിച്ചത്. ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന സിബി സീരീസില്‍ എനിക്കും, സച്ചിനും, സെവാഗിനും ഒരുമിച്ച് കളിക്കാന്‍ സാധിക്കില്ലെന്ന് ധോനി പറഞ്ഞതിന് അതിന്റെ അടിസ്ഥാനത്തിലാണ്. ആ നിലപാട് തന്നെ ഇപ്പോഴും സ്വീകരിച്ച്, അടുത്ത ലോകകപ്പ് മുന്‍പില്‍ കണ്ട് പുതിയ വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്'. വിരമിക്കല്‍ മുറവിളി ധോനിക്ക് നേരെ ഉയരുമ്പോള്‍ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെ. 

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അല്ലെങ്കില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍...ആരാണ് യോഗ്യന്‍ എന്ന് കണ്ടെത്തി ടീമിന്റെ വിക്കറ്റ് കീപ്പറാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഭാവിയിലേക്ക് നോക്കുക എന്നതാണ് പ്രധാനപ്പെട്ടത്. 2015 ലോകകപ്പിലേക്ക് വേണ്ടി യുവ കളിക്കാരെ വളര്‍ത്താനാണ് ധോനി ഞങ്ങളോട് അന്ന് മാറി നില്‍ക്കാന്‍ പറഞ്ഞത്. തന്ത്രപരമായ തീരുമാനങ്ങളെടുക്കേണ്ട സമയമാണ്. വൈകാരികമായല്ല തീരുമാനമെടുക്കേണ്ടത് എന്നും ഗംഭീര്‍ പറഞ്ഞു. 

പന്തിനേയോ സഞ്ജുവിനേയോ ഇഷാന്‍ കിഷനേയോ പരിഗണിക്കുക. ഒന്നര വര്‍ഷം എങ്കിലും അവസരം നല്‍കണം. ഈ സമയത്ത് മികവ് കാണിക്കാനായില്ലെങ്കില്‍ അടുത്ത താരത്തെ പരീക്ഷിക്കണം. അങ്ങനയെ അടുത്ത ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറാവും എന്ന് അറിയാന്‍ സാധിക്കുകയുള്ളു. ധോനി മാത്രമല്ല നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്നും ഗംഭീര്‍ പറഞ്ഞു. 

ഇന്ത്യയുടെ മികച്ച നായകരില്‍ ഒരാളായിരുന്നു ധോനി. പക്ഷേ ഇന്ത്യയെ നേട്ടങ്ങളിലേക്ക് എത്തിച്ച മറ്റ് നായകരുമുണ്ട്. ഗാംഗുലിയുടെ മികച്ച നായകത്വമായിരുന്നു. ഗാംഗുലിക്ക് കീഴിലാണ് നമ്മള്‍ പുറത്ത് കളി ജയിക്കുന്നത്. കോഹ് ലിക്ക് കീഴില്‍ നമ്മള്‍ ഏകദിന പരമ്പര സൗത്ത് ആഫ്രിക്കയില്‍ ജയിക്കുകയും, ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുകയും ചെയ്തു. 

രണ്ട് ലോക കിരീടങ്ങള്‍ ധോനി നേടിത്തന്നു എന്നത് സത്യമാണ്. എന്നാല്‍, ജയങ്ങളില്‍ എല്ലാ ക്രഡിറ്റും നായകന് നല്‍കി, തോല്‍വികളില്‍ എല്ലാ വിമര്‍ശനവും നായകന് നല്‍കുന്നത് ശരിയായ രീതിയല്ല. കുംബ്ലേ നല്ല നായകനായിരുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിക്കാന്‍ രാഹുല്‍ ദ്രാവിഡിനായെന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com