ധോനി സ്വയം മാറി നിന്നു, വിന്‍ഡിസ് പര്യടനത്തിന് ഇല്ല; സൈന്യത്തില്‍ സേവനമനുഷ്ഠിക്കാനെന്ന് വിശദീകരണം

അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോനിയുടെ തീരുമാനം. ബിസിസിഐ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു
ധോനി സ്വയം മാറി നിന്നു, വിന്‍ഡിസ് പര്യടനത്തിന് ഇല്ല; സൈന്യത്തില്‍ സേവനമനുഷ്ഠിക്കാനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും സ്വയം ഒഴിവായി എംഎസ് ധോനി. അടുത്ത രണ്ട് മാസം സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കാനാണ് ധോനിയുടെ തീരുമാനം. ബിസിസിഐ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 

ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്‌നന്റ് കേണലാണ് ധോനി. വിന്‍ഡിസിനെതിരായ പര്യടനത്തില്‍ ധോനി ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. വിരമിക്കല്‍ പ്രഖ്യാപനം ധോനിയില്‍ നിന്നുണ്ടായില്ലെങ്കില്‍ പോലും ലോകകപ്പിന് ശേഷമുള്ള വിശ്രമം എന്നോണം ധോനി മാറി നില്‍ക്കും എന്നാണ് വിലയിരുത്തപ്പെട്ടത്. 

ടീമില്‍ നിന്ന് മാറി നിന്ന്, രണ്ട് മാസം സൈന്യത്തിനൊപ്പം ചേരാന്‍ ധോനി തീരുമാനിക്കുമ്പോള്‍ വിരമിക്കുന്ന കാര്യത്തില്‍ താരം ലക്ഷ്യം വയ്ക്കുന്നത് എന്തെന്ന് വ്യക്തമല്ല. ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ധോനിയെ ഉള്‍പ്പെടുത്തുമെന്നും പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ധോനി പെട്ടെന്ന് ടീം വിടുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ധോനി മാറി നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയതോടെ റിഷഭ് പന്താവും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍. വൃധിമാന്‍ സാഹയെ ടെസ്റ്റില്‍ രണ്ടാം വിക്കറ്റ് കീപ്പറായും ഇന്ത്യ പരിഗണിക്കും. പന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ പൂര്‍ണമായും പ്രാപ്തരാക്കാന്‍ വേണ്ടി ടീമിന്റെ പരിവര്‍ത്തന ഘട്ടത്തില്‍ ധോനിയെ ടീമിനൊപ്പം കൂട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com