ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പഠനം

2019ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരമെന്ന പെരുമ സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പഠനം

ലണ്ടന്‍: 2019ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരമെന്ന പെരുമ സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അര്‍ജന്റീന നായകനും ബാഴ്‌സലോണ ഇതിഹാസവുമായ ലയണല്‍ മെസി ക്രിസ്റ്റ്യാനോയ്ക്ക് പിന്നിലാണ്. ലോകത്തെ ഏറ്റവും ആരാധ്യരായ പുരുഷന്‍മാരുടേയും വനിതകളുടേയും പട്ടികയിലാണ് ക്രിസ്റ്റ്യാനോയും മെസിയും ഉള്‍പ്പെട്ടിരിക്കുന്നത്.  

വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ബ്രട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അനലിറ്റിക്‌സ് കമ്പനിയായ 'യുഗവ്' നടത്തിയ സര്‍വേയിലാണ് കായിക താരങ്ങളില്‍ ക്രിസ്റ്റിയാനോ മുന്നിലെത്തിയത്. 41 രാജ്യങ്ങളിലായി 42,000 പേരില്‍ നടത്തിയ സര്‍വേയിലൂടെയാണ് ആരാധ്യ വ്യക്തിത്വങ്ങളെ കണ്ടെത്തിയത്. സര്‍വേയിലൂടെ കണ്ടെത്തിയ 20 പുരുഷന്‍മാരുടേയും 20 സ്ത്രീകളുടേയും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പുരുഷന്‍മാരുടെ പട്ടികയില്‍ ബില്‍ ഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ബരാക് ഒബാമയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറാം സ്ഥാനത്താണ് പട്ടികയില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏഴാം സ്ഥാനത്തും ലയണല്‍ മെസി ഒന്‍പതാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. വനിതകളില്‍ ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയാണ് ഒന്നാം സ്ഥാനത്ത്. പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍, ഐശ്വര്യ റായ്, സുസ്മിത സെന്‍ എന്നിവരും വനിതാ പട്ടികയിലുണ്ട്. 

ആരാധ്യരായ പുരുഷന്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോ ഏഴാം സ്ഥാനത്തെത്തിയത്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് മെസി ഇത്തവണ ഒന്‍പതിലേക്ക് കയറിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഫുട്‌ബോള്‍ ലോകത്തിലെ അതികായന്‍മാരായ നില്‍ക്കുന്ന ക്രിസ്റ്റിയാനോയും മെസിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരെയൊക്കെ ഇരുവരും പിന്നിലാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com