അടിമുടി മാറാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ്; ടീമിന് രണ്ട് മുഖ്യ പരിശീലകരും രണ്ട് ക്യാപ്റ്റന്‍മാരും 

ലോകകപ്പിലെ ആദ്യ റൗണ്ടിലെ പുറത്താകലിന് പിന്നാലെ പാകിസ്ഥാന്‍ ഇപ്പോള്‍ ടീമില്‍ സമഗ്രമായ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
അടിമുടി മാറാനൊരുങ്ങി പാകിസ്ഥാന്‍ ക്രിക്കറ്റ്; ടീമിന് രണ്ട് മുഖ്യ പരിശീലകരും രണ്ട് ക്യാപ്റ്റന്‍മാരും 

കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് ഏറ്റ തോല്‍വി പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചിരുന്നു. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചെത്താന്‍ ടീമിന് സാധിച്ചെങ്കിലും അവസാന കണക്കെടുപ്പില്‍ പരാജയപ്പെട്ട് അവര്‍ക്ക് സെമി കാണാതെ പുറത്താകേണ്ടി വന്നു. 

ലോകകപ്പിലെ ആദ്യ റൗണ്ടിലെ പുറത്താകലിന് പിന്നാലെ പാകിസ്ഥാന്‍ ഇപ്പോള്‍ ടീമില്‍ സമഗ്രമായ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ടീമുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം അവസാനം ക്രിക്കറ്റ് കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടെസ്റ്റിനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുമായി രണ്ട് ക്യാപ്റ്റന്‍മാരേയും രണ്ട് മുഖ്യ പരിശീലകരേയും വേറെവേറെ നിയമിക്കാനാണ് പ്രധാനമായും പാകിസ്ഥാന്‍ ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മത്സരങ്ങള്‍ പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ശ്രീലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെയാണ് പോരാട്ടം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പാണ് ടെസ്റ്റ് പോരാട്ടങ്ങള്‍. ടെസ്റ്റില്‍ ടീമിന് മികച്ച പ്രകടനം നടത്താന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ക്ക് ബോര്‍ഡ് മുതിരുന്നത്. 

ടി20 ഏഷ്യാ കപ്പ്, ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ പത്തോളം ടി20 മത്സരങ്ങള്‍ വേറെയും കളിക്കുന്നുണ്ട്. ഇക്കാലയളവില്‍ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ടീം കളിക്കുക. ഇതേത്തുടര്‍ന്നാണ് വ്യത്യസ്ത ക്യാപ്റ്റന്‍, കോച്ച് എന്ന രീതി അധികൃതര്‍ സജീവമായി പരിഗണനയ്ക്ക് വച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റന്‍ സ്ഥാനത്ത് സര്‍ഫ്രാസിനേയും പരിശീലക സ്ഥാനത്ത് മിക്കി ആര്‍തറേയും നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com