'ആറ് റണ്‍സ് അനുവദിച്ചത് തെറ്റായിപ്പോയി; പക്ഷേ ഖേദമില്ല'- ലോകകപ്പ് ഫൈനലിലെ പിഴവ് ഏറ്റുപറഞ്ഞ് ധർമ്മസേന

ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇക്കാര്യത്തില്‍ സംഭവിച്ചത് വ്യക്തമാക്കി ധര്‍മ്മസേന രംഗത്തെത്തി
'ആറ് റണ്‍സ് അനുവദിച്ചത് തെറ്റായിപ്പോയി; പക്ഷേ ഖേദമില്ല'- ലോകകപ്പ് ഫൈനലിലെ പിഴവ് ഏറ്റുപറഞ്ഞ് ധർമ്മസേന

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലായിരുന്നു ഇത്തവണ അരങ്ങേറിയത്. മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറില്‍ വിജയിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചു. അവിടെയും മത്സരം ടൈ കെട്ടിയതോടെ ബൗണ്ടറികളുടെ എണ്ണമെടുത്താണ് ഇംഗ്ലണ്ടിനെ ജേതാവായി പ്രഖ്യാപിച്ചത്. 

മത്സരത്തിനിടെ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ആ ഓവര്‍ ത്രോ ആരും മറക്കില്ല. ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടിപ്പോയ ആ പന്ത് ബൗണ്ടറി ലൈനും കടന്നുപോയി. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. ഇതില്‍ രണ്ട് റണ്‍ ഓടിയെടുത്തതും നാല് റണ്‍ ബൗണ്ടറിയുടേതുമായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ഇംഗ്ലണ്ടിന് അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റണ്‍സാണെന്ന വാദം ഉയര്‍ന്നു. ഐസിസിയുടെ നിയമപ്രകാരം ഓവര്‍ ത്രോ ആണെങ്കില്‍ ഫീല്‍ഡര്‍ പന്ത് എറിയും മുന്‍പെ ബാറ്റ്‌സ്മാന്‍ ക്രീസിലെത്തണമെന്നാണ്. അതനുസരിച്ച് ഗുപ്റ്റില്‍ പന്ത് എറിയുമ്പോള്‍ സ്‌റ്റോക്ക്‌സും ആദില്‍ റഷീദും ക്രീസിലെത്തിയിരുന്നില്ല. ഇങ്ങനെയെങ്കില്‍ അഞ്ച് റണ്‍സായിരുന്നു അനുവദിക്കേണ്ടിയിരുന്നത്.

എന്നാല്‍ ഫീല്‍ഡ് അമ്പയറായ കുമാര്‍ ധര്‍മ്മസേന ആറ് റണ്‍സെന്ന് കൈവിരല്‍ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ഒരു റണ്‍ കൂടുതല്‍ ലഭിച്ചു. സമനില ആയ മത്സര ഫലത്തില്‍ ഈ ഒരു റണ്‍ നിര്‍ണായകമാകുകയും ചെയ്തു. ഇതിന്റെ പേരില്‍ ധര്‍മ്മസേനയ്ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇക്കാര്യത്തില്‍ സംഭവിച്ചത് വ്യക്തമാക്കി ധര്‍മ്മസേന രംഗത്തെത്തി. 

'ഇപ്പോള്‍ ടിവി റീപ്ലേകള്‍ പരിശോധിക്കുമ്പോള്‍ അന്നത്തെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നു. ഗ്രൗണ്ടില്‍ പക്ഷേ ഈ ടിവി റീപ്ലേ എന്ന സൗകര്യമില്ല. അതുകൊണ്ടു തന്നെ എന്റെ തീരുമാനത്തില്‍ ഞാന്‍ ഖേദിക്കുന്നില്ല. ലെഗ് അമ്പയറുമായി സംസാരിച്ച ശേഷമാണ് ആറ് റണ്‍സ് കൊടുത്തത്. ഞങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം മറ്റെല്ലാ അമ്പയര്‍മാരും മാച്ച് റഫറിയും കേട്ടതാണ്. പക്ഷേ ആരും ടിവി റീപ്ലേകള്‍ പരിശോധിച്ചില്ല. എല്ലാവരും ബാറ്റ്‌സ്മാന്‍ ക്രീസിലെത്തി രണ്ട് റണ്‍സ് പൂര്‍ത്തിയാക്കി എന്നു തന്നെയാണ് കരുതിയത്. അങ്ങനെയാണ് ഞാന്‍ ആ തീരുമാനമെടുത്തത്'- ധര്‍മ്മസേന പറയുന്നു. 

മുന്‍ അന്താരാഷ്ട്ര അമ്പയര്‍ സൈമണ്‍ ടോഫല്‍ ധര്‍മ്മസേനയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. അഞ്ച് റണ്‍സ് മാത്രമാണ് അനുവദിക്കാന്‍ സാധിക്കുന്നതെന്നും ആറ് റണ്‍സ് അനുവദിച്ചത് ശരിയായ തീരുമാനമല്ലെന്നുമായിരുന്നു ടോഫലിന്റെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com