ഗില്ലും ഗെയ്ക്‌വാദും തിളങ്ങി; അവസാന പോരില്‍ വിന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ

വെസ്റ്റിന്‍ഡീസ് എക്കെതിരായ അവസാന ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം
ഗില്ലും ഗെയ്ക്‌വാദും തിളങ്ങി; അവസാന പോരില്‍ വിന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ

സെന്റ് ജോണ്‍സ്: വെസ്റ്റിന്‍ഡീസ് എക്കെതിരായ അവസാന ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ അനൗദ്യോഗിക പരമ്പര ഇന്ത്യന്‍ യുവ സംഘം 4-1ന് സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയ ക്ഷ്യം 33 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ പോരാട്ടം 47.4 ഓവറില്‍ 236 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. വിജയം തേടിയിറങ്ങിയ ഇന്ത്യ 33 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്. 

89 പന്തില്‍ 99 റണ്‍സെടുത്ത ഓപണര്‍ റുതുരാജ് ഗെയ്ക്‌വാദും 40 പന്തില്‍ 69 റണ്‍സെടുത്ത സഹ ഓപണര്‍ ശുഭ്മാന്‍ ഗില്ലും 64 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

ഓപണിങില്‍ ഗെയ്ക്‌വാദ്- ഗില്‍ സഖ്യം 110 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി വിജയത്തിന് ശക്തമായ അടിത്തറയിട്ടു. ഗെയ്ക്‌വാദ് ശ്രേയസ് അയ്യര്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 11 ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു ഗെയ്ക്‌വാദിന്റെ അര്‍ധ സെഞ്ച്വറി. ഗില്‍ എട്ട് ഫോറും രണ്ട് സിക്‌സും പറത്തിയപ്പോള്‍ ശ്രേയസ് മൂന്ന് ഫോറും രണ്ട് സിക്‌സും നേടി. 

നേരത്തെ ദീപക് ചഹര്‍, രാഹുല്‍ ചഹര്‍, നവദീപ് സെയ്‌നി എന്നിവരുടെ തകര്‍പ്പന്‍ ബൗളിങിന്റെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 236 റണ്‍സില്‍ ഒതുക്കിയത്. മൂവരും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമ്മദ്, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

വിന്‍ഡീസ് നിരയില്‍ സുനില്‍ ആംബ്രിസ് (61), റുതര്‍ഫോര്‍ഡ് (65) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. പത്താമനായി ക്രീസിലെത്തി പുറത്താകാതെ നിന്ന ഖരി പിയറെയാണ് വിന്‍ഡീസ് സ്‌കോര്‍ 236ല്‍ എത്തിച്ചത്. താരം 34 പന്തില്‍ 35 റണ്‍സെടുത്തു. 

218 റണ്‍സെടുത്ത ഗില്ലാണ് ഏകദിന പരമ്പരയിലെ ടോപ് സ്‌കോറര്‍. ഒമ്പത് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com