റയലില്‍ പുറത്താകലിന്റെ വക്കില്‍; ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക്? 

ബെയ്ല്‍ ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍
റയലില്‍ പുറത്താകലിന്റെ വക്കില്‍; ഗെരത് ബെയ്ല്‍ ചൈനീസ് ലീഗിലേക്ക്? 

മാഡ്രിഡ്: 2013ല്‍ റെക്കോര്‍ഡ് തുകയ്ക്ക് ടോട്ടനത്തില്‍ നിന്ന് ഗെരത് ബെയ്‌ലിന്റെ റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റം ഫുട്‌ബോള്‍ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം താരം റയല്‍ മാഡ്രിഡിനോട് വിട പറയുന്നതും വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. 

എത്രയും പെട്ടെന്ന് ബെയ്‌ലിന് ക്ലബ് വിടാമെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞതും ശ്രദ്ധേയമായി നില്‍ക്കുന്നു. ടീമില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ വക്കില്‍ നില്‍ക്കുന്നതിനാലാണ് ബയേണിനെതിരായ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ബെയ്‌ലിനെ ഉള്‍പ്പെടുത്താതിരുന്നത് എന്നും സിദാന്‍ തുറന്നു പറഞ്ഞിരുന്നു. പുതിയ ടീമിലേക്കുള്ള ബെയ്‌ലിന്റെ മാറ്റത്തില്‍ ഞങ്ങള്‍ അന്തിമ തീരുമാനമെടുക്കുകയാണെന്നും സിദാന്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് സീസണ്‍ കൂടി കരാര്‍ പ്രകാരം ബെയ്‌ലിന് ബാക്കിയുണ്ടെങ്കിലും താരത്തിന്റെ പുറത്ത് പോകല്‍ അനിവാര്യമായി തീര്‍ന്നിരിക്കുകയാണിപ്പോള്‍. 

ബെയ്ല്‍ ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പഴയ ക്ലബ് ടോട്ടനം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, പിഎസ്ജി, ബയേണ്‍ മ്യൂണിക്ക് തുടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്കൊപ്പം ബെയ്‌ലിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുമുണ്ട്. എന്നാല്‍ അതിനിടെ ഏറ്റവും ശ്രദ്ധേയമായൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്. 

ചൈനീസ് സൂപ്പര്‍ ലീഗ് ടീം ജിയാങ്‌സു സുനിംഗുമായി ബെയ്ല്‍ കരാറിലെത്തിയതായി ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈറ്റന്‍ സ്‌പോര്‍ട്‌സ് പ്ലസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2016ല്‍ ബ്രസീല്‍ താരം ഓസ്‌ക്കാറിനെ ഷാങ്ഹായ് എസ്‌ഐപിജി ടീമിലെത്തിച്ചത് റെക്കോര്‍ഡ് തുകയ്ക്കായിരുന്നു. അത്തരമൊരു റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്താണ് വെയ്ല്‍സ് സൂപ്പര്‍ താരത്തെ ജിയാങ്‌സു ടീമിലെത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റയല്‍ മാഡ്രിഡും ചൈനീസ് ക്ലബും തമ്മില്‍  ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ആറ് സീസണുകളില്‍ റയലിനായി കളിച്ച ബെയ്ല്‍ നാല് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളിലും പങ്കാളിയായി. 2014, 16, 17, 18 സീസണുകളിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമിലാണ് ബെയ്ല്‍ അംഗമായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com