എന്തുകൊണ്ട് ധോണി വിരമിക്കുന്നില്ല? തുടരുന്നത് പന്തിന് വേണ്ടി

ധോണിയുടെ ഭാവി സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വരുന്നത്
എന്തുകൊണ്ട് ധോണി വിരമിക്കുന്നില്ല? തുടരുന്നത് പന്തിന് വേണ്ടി

ന്യൂഡല്‍ഹി: മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നപ്പോഴും ധോണി മൗനം പാലിക്കുകയായിരുന്നു. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമോ എന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു. എന്നാല്‍ രണ്ട് മാസത്തെ സൈനിക സേവനത്തിനായി തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ധോണി വ്യക്തമാക്കിയതോടെയാണ് അദ്ദേഹത്തിന്റെ വിരമിക്കലടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് താത്കാലിക വിരാമം സംഭവിച്ചത്. 

ധോണിയുടെ ഭാവി സംബന്ധിച്ച ഏറ്റവും ശ്രദ്ധേയമായൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വരുന്നത്. ധോണി വിരമിക്കാതിരുന്നത് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്ത് ഋഷഭ് പന്തിനെ വളര്‍ത്തിക്കൊണ്ടുവരുന്നതു വരെ ധോണിയോട് തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ടീമില്‍ തന്റെ സ്ഥാനമെന്താണെന്ന് നന്നായി അറിയുന്നയാളാണ് ധോണി. ഒരു ടീം പ്ലെയറാണ് അദ്ദേഹം. വിരമിക്കലിനെ കുറിച്ച് തനിക്ക് ചുറ്റും നടക്കുന്ന ചര്‍ച്ചകളൊന്നും തന്നെ അദ്ദേഹത്തെ ബാധിക്കുന്നില്ല. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കുന്ന ആളുമല്ല ധോണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കുന്ന ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. ഇക്കാരണത്താല്‍ തന്നെ ഒരു മാര്‍ഗദര്‍ശിയെന്ന നിലയിലും ബാക്കപ്പ് എന്ന നിലയിലും ധോണിയുടെ സാന്നിധ്യം ടീമിന് ആവശ്യമാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍ഡീസ് പര്യടനത്തിലെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഒരു റിസര്‍വ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പന്തിന് പരുക്കേറ്റാല്‍ ധോണിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇന്ത്യന്‍ ടീമിനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com