ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം; വെള്ള ജേഴ്‌സിയില്‍ താരങ്ങളുടെ പേരും നമ്പറും; പരീക്ഷണം ആഷസില്‍

ഏകദിനത്തിലും ടി20യിലും താരങ്ങള്‍ ധരിക്കുന്ന ജേഴ്‌സിയില്‍ പേരും നമ്പറുമുണ്ട്. ഇത് നേരത്തെ തന്നെയുള്ളതാണ്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അത്തരം പതിവില്ലായിരുന്നു
ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യം; വെള്ള ജേഴ്‌സിയില്‍ താരങ്ങളുടെ പേരും നമ്പറും; പരീക്ഷണം ആഷസില്‍

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിലാണ്. തലക്ക് പരുക്കേറ്റ് പ്ലെയിങ് ഇലവനിലെ താരം മാറിയാല്‍ പകരം ഇറങ്ങുന്ന താരത്തിന് ബാറ്റ് ചെയ്യാനും പന്തെറിയാനും അവസരം നല്‍കുന്നതടക്കമുള്ള മാറ്റം കൊണ്ടുവരാന്‍ ഐസിസി തീരുമാനിച്ചു കഴിഞ്ഞു. നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ ആഷസ് പരമ്പരയില്‍ ഇത് പരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. 

ആഷസ് ടെസ്റ്റ് പരമ്പര മറ്റൊരു വലിയ മാറ്റത്തിനും വേദിയാകുമെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടെസ്റ്റില്‍ ആദ്യമായി കളിക്കാരുടെ ജേഴ്‌സിയില്‍ പേരും നമ്പറും ഉപയോഗിക്കും. ഏകദിനത്തിലും ടി20യിലും താരങ്ങള്‍ ധരിക്കുന്ന ജേഴ്‌സിയില്‍ പേരും നമ്പറുമുണ്ട്. ഇത് നേരത്തെ തന്നെയുള്ളതാണ്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അത്തരം പതിവില്ലായിരുന്നു. 

ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇതിന്റെ ചിത്രം പങ്കിട്ടുണ്ട്. അവരുടെ ക്യാപ്റ്റന്‍ ജോ റൂട്ട് പുതിയ ജേഴ്‌സിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് ഇംഗ്ലണ്ട് പോസ്റ്റ് ചെയ്തത്. ഒപ്പം പേരും മ്പറും ടെസ്റ്റ് ജേഴ്‌സിയില്‍ മടങ്ങിയെത്തിയതായും അവര്‍ കുറിച്ചിട്ടുണ്ട്. 

അതേസമയം പുതിയ മാറ്റത്തെ ആരാധകര്‍ സമ്മിശ്രമായാണ് ഏറ്റെടുത്തിരിക്കുന്നത്. ചിലര്‍ അനുകൂലിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുകയാണ്. പേര് നല്‍കുന്നതിനോട് ചിലര്‍ക്ക് യോജിപ്പുണ്ടെങ്കിലും നമ്പര്‍ നല്‍കുന്നതിനോടാണ് ഭൂരിപക്ഷം ആരാധകര്‍ക്കും വിയോജിപ്പുള്ളത്. 
ആരാധകര്‍ക്ക് താരങ്ങളെ തിരിച്ചറിയുന്നതിന് ഇത്തരം മാറ്റങ്ങള്‍ ഉപകാരപ്പെടുമെന്ന് ചില ആരാധകര്‍ വ്യക്തമാക്കി. 

ഓഗസ്റ്റ് ഒന്ന് മുതലാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആഷസിന് മുന്നോടിയായി ഇംഗ്ലണ്ട് അയര്‍ലന്‍ഡുമായി ചതുര്‍ദിന മത്സരം കളിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com