വിന്‍ഡീസിനെതിരെ ഇന്ത്യയെ കാത്ത് ഈ റെക്കോര്‍ഡുകള്‍; രണ്ടെണ്ണം തകര്‍ക്കാനൊരുങ്ങുന്നത് ഹിറ്റ്മാന്‍

ടി20യിലെ മൂന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരവും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ തുറക്കെപ്പെടുന്നു
വിന്‍ഡീസിനെതിരെ ഇന്ത്യയെ കാത്ത് ഈ റെക്കോര്‍ഡുകള്‍; രണ്ടെണ്ണം തകര്‍ക്കാനൊരുങ്ങുന്നത് ഹിറ്റ്മാന്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് നിരാശയോടെ മടങ്ങേണ്ടി വന്ന ടീമുകളാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും. അടുത്ത മാസം തുടങ്ങുന്ന ടി20 പോരാട്ടത്തോടെ മറ്റൊരു മത്സര കാലത്തിന് തുടക്കമിടുകയാണ് ഇരു ടീമുകളും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടാനുള്ള ഒരുക്കമാണ് ഇരു ടീമുകളും ടി20 പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. മികച്ച യുവ താരങ്ങളടക്കമുള്ളവരുടെ സാന്നിധ്യമാണ് ഇന്ത്യക്ക് കരുത്ത് പകരുന്നത്. 

ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയ്ക്കിറങ്ങുമ്പോള്‍ ടി20യിലെ മൂന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരവും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ തുറക്കെപ്പെടുന്നു. 

ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവര്‍ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ എന്നല്ലാതെ മറിച്ചൊരു ഉത്തരമില്ല. വെസ്റ്റിന്‍ഡീസില്‍ രോഹിതിനെ കാത്ത് രണ്ട് റെക്കോര്‍ഡുകളാണുള്ളത്. വെസ്റ്റിന്‍ഡീസ് ടീമിനെതിരെ ഏറ്റവും കൂടുതല്‍ 50, അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരം. വിന്‍ഡീസിനെതിരെ പത്ത് ടി20 മത്സരങ്ങള്‍ കളിച്ച രോഹിത് 334 റണ്‍സ് അടിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും ഇതിലുണ്ട്. വിന്‍ഡീസിനെതിരെ 47 റണ്‍സാണ് രോഹിതിന്റെ ആവറേജ്. 145ആണ് സ്‌ട്രൈക്ക് റേറ്റ്. കരീബിയന്‍ ടീമിനെതിരെ നാല് തവണ 50 മുകളില്‍ സ്‌കോര്‍ ചെയ്ത മുന്‍ ശ്രീലങ്കന്‍ നായകന്‍ ദിലകരത്‌നെ ദില്‍ഷന്റെ റെക്കോര്‍ഡാണ് രോഹിതിന് മുന്നിലുള്ളത്. 

ഒറ്റയ്ക്ക് നിന്ന് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് രോഹിത്. ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിതിനായി കാത്തിരിക്കുന്ന മറ്റൊന്ന്. ടി20യില്‍ 100ല്‍ കൂടുതല്‍ സിക്‌സര്‍ അടിച്ചിട്ടുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രോഹിത്. 105 സിക്‌സുകളുമായി വിന്‍ഡീസ് വെറ്ററന്‍ ഓപണര്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് റെക്കോര്‍ഡ്. 103 സിക്‌സുമായി ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാമതുള്ളത്. 102 സിക്‌സുകളാണ് രോഹിതിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ തന്നെ നാല് സിക്‌സുകളടിച്ചാല്‍ രോഹിതിന് ക്രിസ് ഗെയിലിനെ മറികടന്ന് റെക്കോര്‍ഡിലെത്താം. 

ടി20യില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍  ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ശ്രീലങ്കയുടെ ദില്‍ഷനുമാണ് മുന്നിലുള്ളത്. ഇരുവര്‍ക്കും 223 ഫോറുകളുണ്ട്. ദില്‍ഷന്‍ 79 ഇന്നിങ്‌സുകളില്‍ നിന്നാണെങ്കില്‍ കോഹ്‌ലിക്ക് 62 ഇന്നിങ്‌സെ വേണ്ടി വന്നുള്ളു. വിന്‍ഡീസിനെതിരെ ആദ്യ മത്സരത്തിടിക്കുന്ന ആദ്യ ഫോറിലൂടെ തന്നെ കോഹ്‌ലിക്ക് റെക്കോര്‍ഡ് നേട്ടത്തിലെത്താം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com