ചതുര്‍ദിന ടെസ്റ്റ്; ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ലീഡ്
ചതുര്‍ദിന ടെസ്റ്റ്; ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്

ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ്. രണ്ട് ദിവസവും ഒരു വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ഇപ്പോള്‍ 181 റണ്‍സ് ലീഡുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ് (21), ഒല്ലി സ്‌റ്റോണ്‍ (0) എന്നിവരാണ് ക്രീസില്‍.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ വെറും 85 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി അയര്‍ലന്‍ഡ് ഞെട്ടിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് 207 റണ്‍സിന് പുറത്തായി. 122 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്. മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. 

92 റണ്‍സെടുത്ത ഓപണര്‍ ജാക്ക് ലീഷ്, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജാസന്‍ റോയ് (72) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 

മൂന്ന് വിക്കറ്റ് നേടിയ മാര്‍ക് അഡൈറും രണ്ട് വീതം വിക്കറ്റ് നേടിയ ബോയ്ഡ് റാങ്കിന്‍, സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ എന്നിവരുടെ ബൗളിങാണ് ഇംഗ്ലണ്ടിന് തടസമായത്. റോറി ബേണ്‍സ് (6), ജോ ഡെന്‍ലി (10), ജോ റൂട്ട് (31), ജോണി ബെയര്‍സ്‌റ്റോ (0), മൊയീന്‍ അലി (9), ക്രിസ് വോക്‌സ് (13), സാം കുറാന്‍ (37) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ബ്രോഡ്, സ്‌റ്റോണ്‍, കുറാന്‍ എന്നിവരാണ് അയര്‍ലന്‍ഡിനെ 207ല്‍ ഒതുക്കിയത്. 55 റണ്‍സെടുത്ത ബാല്‍ബിരിനിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com