കോസ്റ്റയ്ക്ക് നാല് ​ഗോൾ; റയൽ മാഡ്രിഡിനെ ​ഗോൾ മഴയിൽ മുക്കി അത്‌ലറ്റിക്കോ മാഡ്രിഡ്; തകർപ്പൻ ജയം

കോസ്റ്റയ്ക്ക് നാല് ​ഗോൾ; റയൽ മാഡ്രിഡിനെ ​ഗോൾ മഴയിൽ മുക്കി അത്‌ലറ്റിക്കോ മാഡ്രിഡ്; തകർപ്പൻ ജയം

ന​ഗര വൈരികളായ റയൽ മാഡ്രിഡിനെ ​ഗോൾ മഴയിൽ മുക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഉജ്ജ്വല വിജയം സ്വന്തമാക്കി

സിങ്കപ്പുർ: നാല് ​ഗോളുകളുമായി കളം നിറഞ്ഞ് ‍ഡീ​ഗോ കോസ്റ്റ, രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോകുന്ന നാടകീയ രം​ഗങ്ങൾക്കൊടുവിൽ ന​ഗര വൈരികളായ റയൽ മാഡ്രിഡിനെ ​ഗോൾ മഴയിൽ മുക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് പോരാട്ടത്തിലാണ് റയൽ മൂന്ന് കളികളിൽ രണ്ടാം തോൽവി അറിഞ്ഞത്. മൂന്നിനെതിരെ ഏഴ് ​ഗോളുകൾക്കാണ് മത്സരം അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. 

അത്‌ലറ്റിക്കോ പുലർത്തിയ ആധിപത്യം മത്സരത്തിന്റെ ആദ്യ മിനുട്ട് മുതൽ ആരംഭിച്ചതാണ്. കളി തുടങ്ങി ഒന്നാം മിനുട്ടിൽ കോസ്റ്റയുടെ ഗോളിൽ അവർ മുന്നിലെത്തി. എട്ടാം മിനുട്ടിൽ ജാവോ ഫെലിക്സ് അവരുടെ ലീഡുയർത്തി. സോൾ നിഗ്വസായിരുന്നു ഈ ഗോൾ അസിസ്റ്റ് ചെയ്തത്. 19ാം മിനുട്ടിൽ ഏഞ്ചൽ കൊറേയയും ഗോൾ നേടിയതോടെ അത്‌ലറ്റിക്കോയുടെ സ്കോർ മൂന്നിലെത്തി. 28ാം മിനുട്ടിലും, പിന്നീട് 45ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയും വലയിലലാക്കി ഡീ​ഗോ കോസ്റ്റ വീണ്ടും വല കുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ അത്‌ലറ്റിക്കോ 5-0 ന്‌ മുന്നിലെത്തി. 

രണ്ടാം പകുതി ആരംഭിച്ച് 51ാം മിനുട്ടിൽ കോസ്റ്റയുടെ നാലാം ഗോൾ. ജാവോ ഫെലിക്സ് നൽകിയ ത്രൂ ബോൾ ബോക്സിന് മധ്യവശത്ത് നിന്ന് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു. 59ാം മിനുട്ടിൽ റയൽ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. നാച്ചോയുടെ ഇടം കാലനടിയാണ് വലയിൽ പന്തെത്തിച്ചത്‌ ഇതോടെ സ്കോർ 1-6 ആയി. 

റയലിന്റെ ഗോൾ പിറന്ന് 65ാം മിനുട്ടിൽ ഗ്രൗണ്ടിൽ കൈയാങ്കളി അരങ്ങേറി. സംഭവവികാസങ്ങൾക്കൊടുവിൽ റയലിന്റെ കർവാഹലിനും, അത്‌ലറ്റിക്കോയുടെ കോസ്റ്റയ്ക്കും റഫറി ചുവപ്പ് കാർഡ് നൽകി. പിന്നീട് ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങി. 70ാം മിനുട്ടിൽ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി വിറ്റോലോയും, 85, 89 മിനുട്ടുകളിൽ റയലിനായി ബെൻസേമ, ജാവിയർ ഹെർണാണ്ടസ് എന്നിവരും ഗോൾ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com