'ക്ലാസിക്ക് മലി സ്‌പെല്‍'... പ്രചോദനമായ, യോര്‍ക്കര്‍ രാജാവിന് നന്ദി പറഞ്ഞ് ബുമ്‌റ

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രിത് ബുമ്‌റ
'ക്ലാസിക്ക് മലി സ്‌പെല്‍'... പ്രചോദനമായ, യോര്‍ക്കര്‍ രാജാവിന് നന്ദി പറഞ്ഞ് ബുമ്‌റ


മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രിത് ബുമ്‌റ. ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പം ദീര്‍ഘ കാലം ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. ബൗളിങില്‍ ചില സമാനതകളും മലിംഗയും ബുമ്‌റയും തമ്മിലുണ്ട്. 

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കളിച്ചാണ് മലിംഗ വിട പറഞ്ഞത്. മത്സരത്തില്‍ 91 റണ്‍സിന് ജയിച്ച ലങ്കയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അവസാന പോരാട്ടം അവിസ്മരണീയമാക്കാനും മലിംഗയ്ക്ക് സാധിച്ചു. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച മലിംഗ ഏകദിനവും മതിയാക്കി പൂര്‍ണമായും ശ്രദ്ധ ടി20 പോരാട്ടത്തിന് നല്‍കാനുള്ള ഒരുക്കത്തിലാണ്. 

ബുമ്‌റയിലെ ബൗളര്‍ക്ക് ഇത്ര മൂര്‍ച്ചയില്‍ പന്തെറിയാന്‍ സാധിക്കുന്നതിന്റെ ഒരു കാരണം മലിംഗയാണ്. ലങ്കന്‍ താരത്തിന്റെ യോര്‍ക്കര്‍, സ്ലോവര്‍ ബൗണ്‍സര്‍, ലോ ഫുള്‍ ടോസ് പന്തുകളൊക്കെ ബുമ്‌റയും പ്രയോഗിക്കുമ്പോള്‍ ഇത് മനസിലാകും. മുംബൈ ഇന്ത്യന്‍സിനൊപ്പം കളിക്കുമ്പോള്‍ ബുമ്‌റയുടെ ഉപദേശകനായും മലിംഗ മാറാറുണ്ട്. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബുമ്‌റ മലിംഗയ്ക്ക് നന്ദി പറഞ്ഞത്. 'ക്ലാസിക്ക് മലി സ്‌പെല്‍... ക്രിക്കറ്റിനായി നിങ്ങള്‍ ചെയ്ത എല്ലാത്തിനും നന്ദി. നിങ്ങളെ പ്രശംസിക്കുന്നത് എല്ലായ്‌പ്പോഴും തുടരും'- ബുമ്‌റ ട്വിറ്ററില്‍ കുറിച്ചു. 

226 ഏകദിനങ്ങളില്‍ നിന്നായി 338 വിക്കറ്റുകള്‍ വീഴ്ത്തിയാണ് മലിംഗ കളമൊഴിയുന്നത്. 50 ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ ഒന്‍പതാം സ്ഥാനത്താണ് മലിംഗ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com