ആവേശം ടെസ്റ്റിലേക്കും; ലോക ചാമ്പ്യന്‍ഷിപ്പുമായി ഐസിസി; രണ്ട് വർഷത്തിനിടെ 72 മത്സരങ്ങൾ

ലോകകപ്പിന്റെ ആരങ്ങൾ കെട്ടടങ്ങുന്നതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ഐസിസി
ആവേശം ടെസ്റ്റിലേക്കും; ലോക ചാമ്പ്യന്‍ഷിപ്പുമായി ഐസിസി; രണ്ട് വർഷത്തിനിടെ 72 മത്സരങ്ങൾ

ദുബായ്: ലോകകപ്പിന്റെ ആരങ്ങൾ കെട്ടടങ്ങുന്നതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ഐസിസി. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആഷസ് പരമ്പരയോടെ ആരംഭിക്കും. ഫൈനല്‍ മത്സരം 2021ല്‍ ലോര്‍ഡ്‌സില്‍ നടക്കും.

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒൻപത് സ്ഥാനക്കാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ആദ്യ ഒമ്പത് റാങ്കിലുള്ളത്. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ നടക്കുക. ഇതില്‍ ആദ്യ പരമ്പര ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. 

ഒരു ടീമിന് മൂന്നു വീതം ഹോം പരമ്പരയും എവേ പരമ്പരയുമുണ്ടാകും. ഇങ്ങനെ ആറ് പരമ്പരകളാണ് ഒരു ടീം ആകെ കളിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഒരു ടീം ശേഷിക്കുന്ന എട്ട് ടീമുകള്‍ക്കെതിരേ കളിക്കേണ്ടതില്ല. ആറ് ടീമുകള്‍ക്കെതിരേ കളിച്ചാല്‍ മതി. ഓരോ പരമ്പരയിലും രണ്ട് മുതല്‍ അഞ്ച് വരെ മത്സരങ്ങളുണ്ടാകും. മത്സരങ്ങളുടെ എണ്ണം ഓരോ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും തീരുമാനിക്കാം. അങ്ങനെയെങ്കില്‍ ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. 

ഇംഗ്ലണ്ടിന് ആറ് പരമ്പരകളിലായി 22 മത്സരങ്ങളാണ് കളിക്കാനുള്ളത്. അതേസമയം ഇന്ത്യക്ക് 18 മത്സരങ്ങളാണുള്ളത്. ദക്ഷിണാഫ്രിക്ക-16, ഓസ്‌ട്രേലിയ-19, വെസ്റ്റിന്‍ഡീസ്-15, ന്യൂസിലന്‍ഡ്-14, ബംഗ്ലാദേശ്-14, പാകിസ്ഥാന്‍-13, ശ്രീലങ്ക-13 എന്നിങ്ങനെയാണ് ഓരോ ടീമിനും കളിക്കാനുള്ള മത്സരങ്ങളുടെ എണ്ണം. ഇത്തരത്തില്‍ 27 പരമ്പരകളിലായി 72 ടെസ്റ്റ് മത്സരങ്ങളാണ് ആകെ നടക്കുക.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയോടെയാണ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കുക. വേദി ഇംഗ്ലണ്ടിലായതിനാല്‍ ഇത് അവരുടെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ഹോം പരമ്പരയാകും. ഇംഗ്ലണ്ടിനെതിരായ ഓസ്‌ട്രേലിയയുടെ എവേ പരമ്പരയും. ഇന്ത്യയും ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഘട്ടത്തില്‍ കളിക്കും. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. വെസ്റ്റിന്‍ഡീസിലാണ് വേദി എന്നതിനാല്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ഷിപ്പിലെ എവേ മത്സരമാകും ഇത്. ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടും. ശ്രീലങ്കയാണ് ആതിഥേയര്‍. 

ഓരോ ടെസ്റ്റ് പരമ്പരയിലും മാക്‌സിമം 120 പോയിന്റാണുണ്ടാകുക. രണ്ട് മത്സരം മാത്രമുള്ള പരമ്പരയാണെങ്കില്‍ ഒരു വിജയത്തിന് 60 പോയിന്റ് ലഭിക്കും. അഞ്ച് മത്സരമുള്ള പരമ്പരയാണെങ്കില്‍ ഒരു വിജയത്തിന് 24 പോയിന്റാണ് ലഭിക്കുക. ഇത്തരത്തില്‍ മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് പോയിന്റ് ലഭിക്കുക. ഓരോ ടീമും രണ്ട് വര്‍ഷം കൊണ്ട് ആറ് പരമ്പര പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും. 
 
ആഷസ് മുതലുള്ള രണ്ട് വര്‍ഷത്തിനിടയില്‍ നടക്കുന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളേയും ഒരു ടൂര്‍ണമെന്റ് രൂപത്തില്‍ ഒരുമിപ്പിക്കുന്നതാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ടി20യുടേയും ഏകദിനങ്ങളുടേയും ആവേശത്തിനിടയില്‍ ടെസ്റ്റ് മത്സരങ്ങളുടെ ജനപ്രീതി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com