ധോനിക്ക് സല്യൂട്ട്; പ്രചോദനമാകുന്ന വ്യക്തിത്വം; സൈനിക സേവനത്തെ പ്രശംസിച്ച് വിൻഡീസ് താരം

ജമൈക്കൻ പ്രതിരോധ സേനയിലെ സൈനികനാണ് കോട്രെൽ
ധോനിക്ക് സല്യൂട്ട്; പ്രചോദനമാകുന്ന വ്യക്തിത്വം; സൈനിക സേവനത്തെ പ്രശംസിച്ച് വിൻഡീസ് താരം

ജമൈക്ക: വിക്കറ്റെടുത്ത ശേഷം സല്യൂട്ടടിക്കുന്ന വെസ്റ്റിൻഡീസ് പേസർ ഷെൽഡൻ കോട്രെൽ ലോകകപ്പിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സാധാരണ ആഹ്ലാദ പ്രകടനമെന്ന നിലയിലായിരുന്നു ആദ്യം അത് ശ്രദ്ധേയമായത്. എന്നാൽ ജമൈക്കൻ പ്രതിരോധ സേനയിലെ സൈനികനാണ് കോട്രെൽ. അതിനാലാണ് അദ്ദേഹം ഇങ്ങനെ ആ​ഹ്ലാദം പ്രടിപ്പിക്കുന്നതെന്ന് വ്യക്തമായി. 

മുൻ ഇന്ത്യൻ ക്യാപ്റ്റനും വെറ്ററൻ താരവുമായി മഹേന്ദ്ര സിങ് ധോനി ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലാണ്. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് തന്നെ പരി​ഗണിക്കേണ്ടതില്ലെന്നും ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസത്തെ ഇടവേളയെടുത്ത് സൈനിക സേവനത്തിനായി മാറി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് അടിസ്ഥാന പരിശീലനം ധോനി നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ധോനിയുടെ തീരുമാനത്തെ പ്രശംസിച്ച് ഇപ്പോൾ കോട്രെൽ രം​ഗ​ത്തെത്തിയതാണ് ശ്രദ്ധേയമാകുന്നത്. ധോനി തികഞ്ഞ രാജ്യ‌ സ്‌നേഹിയാണെന്നും പ്രചോദനമാണെന്നും കോട്രെല്‍ ട്വീറ്റ് ചെയ്തു. 

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെ ധോനി കശ്മീരിലാണ് സേവനമനുഷ്ഠിക്കുന്നത്. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോനി സൈനികര്‍ക്കൊപ്പമാകും താമസിക്കുക. ധോനിയുടെ സുരക്ഷയ്‌ക്കല്ല പ്രാധാന്യമെന്നും മറ്റ് സൈനികരെ പോലെ രാജ്യത്തെ സംരക്ഷിക്കുന്ന ചുമതലയാകും അദ്ദേഹം നിര്‍വഹിക്കുകയെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com