രോഹിതുമായി ഒരു പ്രശ്നവുമില്ല; പ്രചരിക്കുന്നത് കള്ളങ്ങളും വളച്ചൊടിച്ച കാര്യങ്ങളും; വിവാദങ്ങൾക്ക് മറുപടിയുമായി കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഭിന്നതകളും ചേരിതിരിവുകളുമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ക്യാപ്റ്റൻ വിരാട് കോഹ്‌ലി
രോഹിതുമായി ഒരു പ്രശ്നവുമില്ല; പ്രചരിക്കുന്നത് കള്ളങ്ങളും വളച്ചൊടിച്ച കാര്യങ്ങളും; വിവാദങ്ങൾക്ക് മറുപടിയുമായി കോഹ്‌ലി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഭിന്നതകളും ചേരിതിരിവുകളുമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ കോഹ്‌ലി നിഷേധിച്ചത്. ഒരു മാസം നീളുന്ന വെസ്റ്റിൻഡീസ് പര്യടനത്തിനായി ടീം ഇന്ന് രാത്രി പുറപ്പെടും. കോഹ്‌ലിക്കൊപ്പം പരിശീലകൻ രവി ശാസ്ത്രിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് ഇരുവരും വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ‍താനും ചില വാർത്തകൾ കേട്ടു. ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്കു സാധിക്കില്ലായിരുന്നുവെന്ന് വ്യക്തമല്ലേ? മാത്രമല്ല, ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് തന്റെ മുഖത്തുതന്നെ കാണാമെന്ന് കോഹ്‌ലി പറഞ്ഞു. നല്ല കാര്യങ്ങൾക്കു നേരെ കണ്ണടച്ച് ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. കള്ളങ്ങളും വളച്ചൊടിച്ച കാര്യങ്ങളുമാണ് അനുദിനം നമുക്കു മുന്നിലെത്തുന്നത്. വ്യക്തിപരമായ കാര്യങ്ങൾ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ അനൗചിത്യവും കോഹ്‌ലി ചൂണ്ടിക്കാട്ടി. ഇത്തരം വാർത്തകൾ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും കോഹ്‌ലി പ്രതികരിച്ചു.

വെസ്റ്റിൻഡീസ് പര്യടനത്തിൽനിന്ന് വിശ്രമമെടുക്കാൻ സെലക്ടർമാർ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കോഹ്‌ലി വെളിപ്പെടുത്തി. ലോകകപ്പിനു ശേഷം ടീമെന്ന നിലയിൽ കൂട്ടായ്മയും ഒത്തിണക്കവും നിലനിർത്തേണ്ട നിർണായക സമയമാണിത്. ക്രിക്കറ്റ് കളിക്കുന്നതിന്റെ സന്തോഷം നമുക്കു സമ്മാനിക്കുന്നതും നമ്മുടെ സമ്പൂർണ മികവ് പുറത്തെടുക്കാൻ സഹായിക്കുന്നതും ടെസ്റ്റ് ക്രിക്കറ്റാണ്. തന്നെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ലെന്നും ആഷസ് പരമ്പരയോടെ തുടങ്ങാൻ പോകുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പൻഷിപ്പ് മുൻനിർത്തി കോഹ്‌ലി വ്യക്തമാക്കി. ടി20 ടീമിൽ ഇടംപിടിച്ച പുതിയ താരങ്ങൾക്ക് ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് ഈ പരമ്പരയെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു.

പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയും സംഘവും തുടരുന്നതിനെയും കോഹ്‌ലി അനുകൂലിച്ചു. പരിശീലനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അഭിപ്രായം ആരാഞ്ഞ് ബിസിസിഐയുടെ ഉപദേശക സമിതിയിൽ നിന്ന് ആരും സമീപിച്ചിട്ടില്ല. പക്ഷേ, ഇപ്പോഴത്തെ ടീമിലെ എല്ലാവർക്കും രവി ഭായിയുമായി (രവി ശാസ്ത്രി) ഊഷ്മളമായ ബന്ധമാണുള്ളത്. അദ്ദേഹം തന്നെ പരിശീലക സ്ഥാനത്തു തുടർന്നാൽ വലിയ സന്തോഷം. എങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com