കടക്കെണിയിലായ റൊണാള്‍ഡിഞ്ഞോയ്ക്ക് തിരിച്ചടി; വസ്തുവകകള്‍ വില്‍ക്കുന്നതിന് വിലക്ക്, പാസ്‌പോര്‍ട്ട് കണ്ടുകെട്ടി

പാരസ്ഥിതിക നിയമം ലംഘിച്ചതിന് വിധിച്ച പിഴ അടയ്ക്കാത്തതിനാല്‍ 57 റിയല്‍ എസ്റ്റേറ്റ് വസ്തു വകകള്‍ വില്‍ക്കുന്നതില്‍ നിന്ന് റൊണാള്‍ഡിഞ്ഞോയെ തടഞ്ഞിരിക്കുകയാണ്
കടക്കെണിയിലായ റൊണാള്‍ഡിഞ്ഞോയ്ക്ക് തിരിച്ചടി; വസ്തുവകകള്‍ വില്‍ക്കുന്നതിന് വിലക്ക്, പാസ്‌പോര്‍ട്ട് കണ്ടുകെട്ടി

സാവോ പോളോ: കടക്കെണിയിലേക്ക് വീണ ബ്രസീലിയന്‍ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയ്ക്ക് വീണ്ടും തിരിച്ചടി. പാരസ്ഥിതിക നിയമം ലംഘിച്ചതിന് വിധിച്ച പിഴ അടയ്ക്കാത്തതിനാല്‍ 57 റിയല്‍ എസ്റ്റേറ്റ് വസ്തു വകകള്‍ വില്‍ക്കുന്നതില്‍ നിന്ന് റൊണാള്‍ഡിഞ്ഞോയെ തടഞ്ഞിരിക്കുകയാണ് ബ്രസീലിലെ ഒരു കോടതി എന്നാണ് റിപ്പോര്‍ട്ട്. 

17 കോടി രൂപയ്ക്കടുത്താണ് റൊണാള്‍ഡിഞ്ഞോയ്ക്ക് പിഴ വിധിച്ചിരുന്നത്. പോര്‍ട്ടോ അലെഗ്രിയില്‍ തന്റെ ലേക്ക് ഹൗസിനോട് ചേര്‍ന്ന് അനധികൃതമായി പാലം നിര്‍മിച്ചതിനായിരുന്നു ഇത്. റൊണാള്‍ഡിഞ്ഞോയുടെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടിയിരിക്കുകയാണെന്നാണ് ബ്രസീലിയന്‍ മാധ്യമമായ ദി ഫോല്‍ഹ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

17 കോടിയോളം വരുന്ന മറ്റ് കടങ്ങള്‍ റൊണാള്‍ഡിഞ്ഞോയില്‍ നിന്നും ഈടാക്കുന്നതിനായി കടം കൊടുത്തവര്‍ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വാസ്തവമാണോ അല്ലയോ എന്ന് പ്രതികരിക്കാന്‍ പോര്‍ട്ടോ അലെഗ്രെയിലെ ജഡ്ജ് തയ്യാറായില്ല. ജൂഡിഷ്യല്‍ സീക്രസി നിയമത്തില്‍ വരുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് നിലപാട്. 

2015ലാണ് റൊണാള്‍ഡിഞ്ഞോ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നത്. 2002ല്‍ ബ്രസീലിന് വേണ്ടി കിരീടം ചൂടിയ റൊണാള്‍ഡിഞ്ഞോ, ബാഴ്‌സയ്ക്ക് വേണ്ടി കളിക്കുന്ന സമയം രണ്ട് വട്ടം ഫിഫ പ്ലേയര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com