എന്നെ നാമനിര്‍ദേശം ചെയ്യുന്നത് വൈകിപ്പിച്ചത് ആര്? ഖേല്‍രത്‌ന പുരസ്‌കാര വിവാദത്തില്‍ ഹര്‍ഭജന്‍ സിങ്‌

സമയക്രമം പാലിച്ച്‌ നടപടി ക്രമങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയിരുന്നു എങ്കില്‍ എനിക്ക് ഖേല്‍രത്‌ന പുരസ്‌കാരം നേടാന്‍ സാധിച്ചേനെ
എന്നെ നാമനിര്‍ദേശം ചെയ്യുന്നത് വൈകിപ്പിച്ചത് ആര്? ഖേല്‍രത്‌ന പുരസ്‌കാര വിവാദത്തില്‍ ഹര്‍ഭജന്‍ സിങ്‌

ന്യൂഡല്‍ഹി: ഖേല്‍രത്‌ന വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌നയ്ക്ക് തന്നെ നാമനിര്‍ദേശം ചെയ്തുള്ള അപേക്ഷ കൃത്യ സമയത്ത് കേന്ദ്ര കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹര്‍ഭജന്‍ കുറ്റപ്പെടുത്തി. സമയക്രമം പാലിച്ച്‌ നടപടി ക്രമങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോയിരുന്നു എങ്കില്‍ എനിക്ക് ഖേല്‍രത്‌ന പുരസ്‌കാരം നേടാന്‍ സാധിച്ചേനെ എന്നും ഹര്‍ഭജന്‍ പറയുന്നു. 

''ഖേല്‍രത്‌ന പുരസ്‌കാരത്തിന് എന്നെ നാമനിര്‍ദേശം ചെയ്തുള്ള പഞ്ചാബ് സര്‍ക്കാരിന്റെ രേഖകള്‍ വൈകി സമര്‍പ്പിച്ചതിനാലാണ് പേര് തള്ളിയത് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മാധ്യമങ്ങളില്‍ നിന്നാണ് ഞാനിത് അറിഞ്ഞത്. ഇങ്ങനെ വൈകിയത് കാരണം, ഈ വര്‍ഷം അവാര്‍ഡ് ജയിക്കാനാവില്ല എന്ന് ഞാന്‍ മനസിലാക്കുന്നു'', തന്റെ യൂടൂബ് ചാനലിലെ വീഡിയോയില്‍ ഹര്‍ഭജന്‍ പറയുന്നു. 

''2019 മാര്‍ച്ച് 20ന് തന്നെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ച് ഇതിനുള്ള അപേക്ഷ ഞാന്‍ നല്‍കിയതാണ്. പിന്നെ എന്തുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാന്‍ വൈകിയെന്ന് തനിക്ക് അറിയണം''. എന്തുകൊണ്ട് വൈകി എന്നതില്‍ അന്വേഷണം നടത്താന്‍ പഞ്ചാബ് കായിക മന്ത്രിയോട് ഹര്‍ഭജന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഇത്തരം പുരസ്‌കാരങ്ങളിലൂടെ തങ്ങളുടെ പ്രകടനം അംഗീകരിക്കപ്പെടുന്നത് വലിയ പ്രചോദനമാണ് നല്‍കുന്നത്. ഇതുപോലെ വൈകിപ്പിക്കല്‍ ഇനിയുമുണ്ടായാല്‍ അത് കായിക താരങ്ങളെ പിന്നോട്ടടിക്കും. ഇത് പരിശോധിക്കാന്‍ കായിക മന്ത്രാലയം തയ്യാറാവണം, എന്നെ ഒരിക്കല്‍ കൂടി നാമനിര്‍ദേശം ചെയ്യണമെന്നും ഹര്‍ഭജന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com