​ഗോകുലത്തിൽ നിന്ന് മഞ്ഞപ്പടയിലേക്ക്; മലപ്പുറം സ്വദേശി അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ

ഗോകുലം കേരള എഫ്സി താരമായിരുന്ന മലപ്പുറം സ്വദേശി അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍
​ഗോകുലത്തിൽ നിന്ന് മഞ്ഞപ്പടയിലേക്ക്; മലപ്പുറം സ്വദേശി അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: ഗോകുലം കേരള എഫ്സി താരമായിരുന്ന മലപ്പുറം സ്വദേശി അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍. എംഎസ്പി ഫുട്‌ബോള്‍ അക്കാദമിയിലാണ് ഈ 23കാരന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഇന്ന് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അര്‍ജുന്‍ ജയരാജുമായി കരാര്‍ ഒപ്പിട്ട വിവരം ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചത്. 

2012 സുബ്രതോ കപ്പില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അര്‍ജുന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഗോകുലം കേരള എഫ്സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മികച്ച പ്രകടനം അര്‍ജുനെ ഗോകുലത്തിലെത്തിക്കുകയായിരുന്നു. 

2017-2018 കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലത്തിനായി കളിച്ച അര്‍ജുന്‍ ഫൈനലില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ മധ്യനിരയില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെ ഗോകുലം തങ്ങളുടെ ഐ ലീഗ് ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തി. 2017ല്‍ ഇന്ത്യന്‍ ആരോസിനെതിരായ മത്സരത്തിലായിരുന്നു അരങ്ങേറ്റം.

അര്‍ജുന്‍ ടീമിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇല്‍ക്കോ ഷാട്ടോരി പ്രതികരിച്ചു. മികച്ച സാങ്കേതിക തികവുള്ള കളിക്കാരനാണ് അര്‍ജുന്‍. വിങ്, മിഡ്ഫീല്‍ഡ് തുടങ്ങി ഒന്നിലധികം സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കും. ഇരു കാലുകള്‍ കൊണ്ട് കളിക്കാന്‍ സാധിക്കുന്ന  ഒരു മള്‍ട്ടി- ഫങ്ഷണല്‍ പ്ലെയര്‍ ഉണ്ടായിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണെന്നും ഷാട്ടോരി വ്യക്തമാക്കി. 

ഐഎസ്എല്ലില്‍ കളിക്കുക എന്നത് ഓരോ ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്നമാണെന്ന് അര്‍ജുൻ പ്രതികരിച്ചു. ഹോം ക്ലബിനെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ മികച്ചത് എന്തുണ്ട്. കൊച്ചിയിലെ ആവേശകരമായ ജനക്കൂട്ടത്തിന് മുന്നില്‍ ക്ലബിനായി കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് അർജുൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com