'അര്‍ജന്റീനയ്ക്ക് വേണ്ടി എനിക്ക് നേടണം, എന്നിട്ടാവും കരിയര്‍ അവസാനിപ്പിക്കുക' ; ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് മെസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2019 11:13 AM  |  

Last Updated: 01st June 2019 11:13 AM  |   A+A-   |  

Lionel-Messi

 

അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ പ്രധാനപ്പെട്ട കിരീടങ്ങളിലൊന്ന് ഉയര്‍ത്തി നില്‍ക്കുന്ന മെസി...മെസിയുടേയും അര്‍ജന്റീനയുടേയും ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന കാഴ്ചയാണത്. അതിനായി താനും അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. 

അര്‍ജന്റീനയ്ക്ക് വേണ്ടി പ്രധാന കിരീടങ്ങളിലൊന്ന് നേടി കരിയര്‍ അവസാനിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് മെസി വ്യക്തമാക്കുന്നു. അതൊന്നും നടക്കില്ലെന്ന ചിന്തയില്‍ മുന്നോട്ട് പോവാന്‍ എനിക്ക് താത്പര്യമില്ല. വീണ്ടും വീണ്ടും പരിശ്രമിക്കുകയാണ് എന്റെ ലക്ഷ്യം. അതാണ് ജീവിതം. വീഴുക, ഉയര്‍ത്തെഴുന്നേല്‍ക്കുക, സ്വപ്‌നം കൈയെത്തിപ്പിടിക്കാനായി പൊരുതുക, മെസി പറയുന്നു. 

തോല്‍വികളുമായി ഇണങ്ങാന്‍ കുടുംബ ജീവിതമാണ് എന്നെ സഹായിച്ചത്. തോല്‍വി വേദനിപ്പിക്കും. എന്നല്‍ അതിനെയെല്ലാം വ്യത്യസ്തമായാണ് ഞാന്‍ നോക്കിക്കാണുന്നത്. മൂത്തമകന്‍ തിയാഗോ ജനിച്ചതിന് ശേഷം എന്റെ മുന്‍ഗണനകളില്‍ മാറ്റം വന്നു. തോല്‍ക്കുമ്പോള്‍ വേദനിക്കുമെങ്കിലും, വീട്ടിലേക്കെത്തി മക്കളേയും ഭാര്യയേയും കണ്ട് കഴിയുമ്പോള്‍ ആ വേദന ഇപ്പോള്‍ ഞാന്‍ മറികടക്കുന്നു. 

മുന്‍പ്, വീട്ടിലെത്തി കഴിയുമ്പോള്‍ ടിവി കാണാനോ, ഭക്ഷണം കഴിക്കാനോ എനിക്ക് താത്പര്യമുണ്ടാവില്ല. എന്നാലിപ്പോള്‍ ടേബിളില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് എനിക്ക് എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനുണ്ടെന്നും മെസി പറയുന്നു. കോപ്പ അമേരിക്ക പോരിനായി അര്‍ജന്റീന ഇറങ്ങുന്നതിന് മുന്‍പാണ് മെസിയുടെ പ്രതികരണം. 

കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിനായി മെസി ബ്യുണസ് ഐറിസിലെത്തി. 1993ലാണ് അര്‍ജന്റീന അവസാനമായി കോപ്പ അമേരിക്ക ജയിച്ചത്. ബ്രസീലില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെയാണ് കോപ്പ അമേരിക്ക. ജൂണ്‍ 15ന് കൊളംബിയയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.