'എന്നെ വില കുറച്ച് കാണുകയാണ്; ഞാന്‍ മീഡിയം പേസറല്ല, ഫാസ്റ്റ് ബൗളറാണ്'- ആന്ദ്രെ റസ്സല്‍

മത്സരത്തില്‍ മാരക വേഗതയില്‍ പന്തെറിഞ്ഞ ആന്ദ്രെ റസ്സല്‍ വീഴ്ത്തിയ നിര്‍ണായക വിക്കറ്റുകളാണ് കളി വിന്‍ഡീസിന് അനുകൂലമാക്കിയത്
'എന്നെ വില കുറച്ച് കാണുകയാണ്; ഞാന്‍ മീഡിയം പേസറല്ല, ഫാസ്റ്റ് ബൗളറാണ്'- ആന്ദ്രെ റസ്സല്‍

ലണ്ടന്‍: കഴിഞ്ഞ ദിവസം ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസ് പാകിസ്ഥാനെതിരെ വിജയം സ്വന്തമാക്കിയത് ബൗളിങ് മികവിലാണ്. വിസ്‌ഫോടന ബാറ്റിങിന്റെ ആശാന്‍മാരായ ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലുമൊക്കെയുള്ള കരീബിയന്‍ സംഘത്തിന്റെ ബൗളിങിനെ കുറിച്ച് നെറ്റി ചുളിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബൗളിങ് പ്രകടനമായിരുന്നു വെസ്റ്റിന്‍ഡീസ് നടത്തിയത്. പാകിസ്ഥാനെ വെറും 105 റണ്‍സില്‍ പുറത്താക്കിയ വിന്‍ഡീസ് വെറും 14 ഓവറിനുള്ളില്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 

മത്സരത്തില്‍ മാരക വേഗതയില്‍ പന്തെറിഞ്ഞ ആന്ദ്രെ റസ്സല്‍ വീഴ്ത്തിയ നിര്‍ണായക വിക്കറ്റുകളാണ് കളി വിന്‍ഡീസിന് അനുകൂലമാക്കിയത്. തുടക്കത്തില്‍ നായകന്‍ ജാസന്‍ ഹോള്‍ഡറടക്കമുള്ളവര്‍ തല്ല് വാങ്ങിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് റസ്സല്‍ പാകിസ്ഥാനെ ഞെട്ടിച്ചത്. 

നിലവില്‍ ഏറ്റവും മികച്ച ഹാര്‍ഡ് ഹിറ്റര്‍ എന്ന ലേബലാണ് ക്രിക്കറ്റ് ലോകത്ത് റസ്സലിനുള്ളത്. പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റുകള്‍ നേടിയതിലുപരി മത്സരത്തില്‍ റസ്സല്‍ പന്തെറിഞ്ഞ രീതി ആരാധകര്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു. ഒരു മീഡിയം പേസ് ബൗളറായി എല്ലാവരും കരുതുന്ന റസ്സല്‍ അതിവേഗത്തിലുള്ള ബൗണ്‍സറുകളാണ് പാകിസ്ഥാനെതിരെ തുടര്‍ച്ചയായി പരീക്ഷിച്ചത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ വേഗതയില്‍ പന്തെറിഞ്ഞ റസ്സലിന്റെ അതിവേഗ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പാക് ബാറ്റിങ് നിര പതറി. 

തന്റെ ബൗളിങിനെക്കുറിച്ച് പലര്‍ക്കും വലിയ ധാരണകളില്ല എന്നാണ് റസ്സല്‍ പറയുന്നത്. താന്‍ മീഡിയം പേസര്‍ ആണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല താന്‍ ഫാസ്റ്റ് ബൗളര്‍ തന്നെയാണെന്ന് റസ്സല്‍ പറയുന്നു. അത്തരം വിലയിരുത്തലുകള്‍ നിരാശയുണ്ടാക്കുന്നതാണെന്നും റസ്സല്‍ വ്യക്തമാക്കി. 

' ഞാന്‍ ടീമില്‍ ഒരു ഹാര്‍ഡ് ഹിറ്റര്‍ മാത്രമായാണ് എത്തിയിരിക്കുന്നതെന്ന് ഒരുകൂട്ടം ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഞാന്‍ ഒരു ഫാസ്റ്റ് ബോളറാണെന്ന കാര്യം പലരും മറക്കുന്നു. എനിക്ക് തോന്നുന്നു അവര്‍ എന്നെ വില കുറച്ച് കാണുകയാണെന്ന്. ആള്‍ക്കാര്‍ എന്നെ മീഡിയം പേസറെന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും നിരാശ തോന്നുന്നുണ്ട്. ആരാണ് ഇത്തരം മുന്‍വിധികള്‍ നടത്തുന്നത്. അതി വേഗതയില്‍ പന്തെറിയാന്‍ കഴിയുമെന്ന് ഞാന്‍ തെളിയിച്ച് കഴിഞ്ഞു'- റസ്സല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com