അട്ടിമറി ഭീഷണി അതിജീവിച്ച് ലങ്ക; അഫ്​ഗാനിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ആദ്യ ജയം

അട്ടിമറി ഭീഷണിയുമായി നിന്ന അഫ്​ഗാനിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി
അട്ടിമറി ഭീഷണി അതിജീവിച്ച് ലങ്ക; അഫ്​ഗാനിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ആദ്യ ജയം

കാര്‍ഡിഫ്: അട്ടിമറി ഭീഷണിയുമായി നിന്ന അഫ്​ഗാനിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. 34 റൺസിനാണ് ലങ്ക വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 201 റൺസിൽ ഒതുക്കാൻ അഫ്​ഗാന് സാധിച്ചു. ഇടയ്ക്ക് മഴ പെയ്തതോടെ അഫ്​ഗാനിസ്ഥാന്റെ ലക്ഷ്യം ഡെക്ക് വർത്ത്- ലൂയീസ് നിയമ പ്രകാരം 41 ഓവറിൽ 187 റൺസ് ആയി പുനർനിർണയിച്ചു. എന്നാല്‍ 32.4 ഓവറില്‍ അഫ്ഗാന്‍ 152 റണ്‍സിന് പുറത്തായി.

55 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത നജിബുള്ള സദ്രാന്‍ 32ാം ഓവറില്‍ പുറത്തായതോടെ അഫ്ഗാന്റെ വെല്ലുവിളി അവസാനിച്ചു. നാല് വിക്കറ്റെടുത്ത നുവാന്‍ പ്രദീപ് ലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി. മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

187 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് എട്ട് റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 34ൽ എത്തിയപ്പോള്‍ മുഹമ്മദ് ഷഹ്‌സാദിനെ (ഏഴ്) മലിംഗ മടക്കി. പിന്നാലെ റഹ്മത്ത് ഷായും (രണ്ട്) മടങ്ങി. 25 പന്തില്‍ നിന്ന് തകര്‍ത്തടിച്ച് 30 റണ്‍സെടുത്ത ഹസ്രത്തുള്ള സസായിയെ മികച്ച ഒരു ഡൈവിങ് ക്യാച്ചിലൂടെ തിസാര പെരേര മടക്കിയതോടെ അഫ്ഗാന്‍ പ്രതിരോധത്തിലായി. സ്‌കോര്‍ 57ല്‍ നില്‍ക്കെ ഹഷ്മത്തുള്ള ഷാഹിദിയെ (നാല്) നുവാന്‍ പ്രദീപ് പുറത്താക്കി. ഇതേ സ്കോറിൽ നിൽക്കെ 11 റണ്‍സെടുത്ത മുഹമ്മദ് നബിയും മടങ്ങി.

പിന്നീട് ആറാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് - നജിബുള്ള സദ്രാന്‍ സഖ്യം അഫ്ഗാന് വിജയപ്രതീക്ഷ നല്‍കി. ആറാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇവർ പ്രതീക്ഷ നൽകിയെങ്കിലും സ്‌കോര്‍ 121ല്‍ നില്‍ക്കെ ഗുല്‍ബാദിന്‍ നയ്ബിനെ (23) പുറത്താക്കി പ്രദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. വാലറ്റത്തെ മലിംഗയും പ്രദീപും ചേര്‍ന്ന് മടക്കിയതോടെ ലങ്ക 34 റണ്‍സിന്റെ ജയം ആഘോഷിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 36.4 ഓവറില്‍ 201 റണ്‍സിന് പുറത്തായി. 33ാം ഓവറിനു ശേഷം മഴ കളി തടസപ്പെടുത്തിയതിനാല്‍ മത്സരം 41 ഓവറാക്കി ചുരുക്കുകയായിരുന്നു. ലങ്ക 33 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ കുശാല്‍ പെരേര മാത്രമാണ് ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 81 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 78 റണ്‍സെടുത്ത പെരേര എട്ടാമനായാണ് പുറത്തായത്.

മികച്ച തുടക്കം കിട്ടിയ ശേഷമാണ് ലങ്ക അവിശ്വസനീയമായി തകര്‍ന്നത്. ഓപണിങ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും ചേര്‍ന്ന് 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ പെരേരയും ലഹിരു തിരിമന്നെയും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 4.5 ഓവറില്‍ ശ്രീലങ്ക 50 കടന്നിരുന്നു. 14.5 ഓവറില്‍ നൂറും കടന്നു. ഇതിനു ശേഷമാണ് ലങ്കയുടെ തകര്‍ച്ച. ഒമ്പത് ഓവറില്‍ 30 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് ലങ്കയെ തകര്‍ത്തത്. സദ്രാനും റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതമെടുത്തു.

22ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് നബിയാണ് കളിയുടെ ​ഗതി അഫ്​ഗാന് അനുകൂലമാക്കിയത്. ഈ ഓവറിൽ മൂന്നു വിക്കറ്റുകളാണ് നബി വീഴ്ത്തിയത്. സ്‌കോര്‍ 144ല്‍ നില്‍ക്കെ തിരിമന്നയെ (25) നബി മടക്കി. ആ ഓവറിലെ നാലാം പന്തില്‍ കുശാല്‍ മെന്‍ഡിസിനെയും (രണ്ട്) നബി പുറത്താക്കി. ആറാം പന്തില്‍ ഏയ്ഞ്ചലോ മാത്യൂസിനെയും (പൂജ്യം) മടക്കിയതോടെ ലങ്ക പ്രതിരോധത്തിലായി. ഇതോടെ ലങ്ക നാലിന് 146 എന്ന നിലയിലായി. 

അടുത്ത ഓവര്‍ എറിഞ്ഞ ഹമീദ് ഹസന്‍ ധനഞ്ജയ ഡിസില്‍വയേയും (പൂജ്യം) പുറത്താക്കിയതോടെ ലങ്കന്‍ സ്‌കോര്‍ അഞ്ചിന് 149. അധികം വൈകാതെ തിസാര പെരേ (രണ്ട്) റണ്ണൗട്ടായി. സ്‌കോര്‍ 178ല്‍ എത്തിയപ്പോള്‍ ഇസുരു ഉദാനയും (10) മടങ്ങി. ലസിത് മലിംഗ (നാല്), നുവാന്‍ പ്രദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com