ഇതിഹാസ ഗോള്‍ കീപ്പര്‍ പാരിസ് വിടുന്നു; അടുത്ത ലക്ഷ്യം?

ജിയാന്‍ലൂയി ബുഫണ്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നോട് വിട പറയുന്നു
ഇതിഹാസ ഗോള്‍ കീപ്പര്‍ പാരിസ് വിടുന്നു; അടുത്ത ലക്ഷ്യം?

പാരിസ്: ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയി ബുഫണ്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നോട് വിട പറയുന്നു. ഈ മാസം അവസാനത്തോടെ ഇറ്റാലിയന്‍ ഇതിഹാസം ക്ലബ് വിടും. കരാര്‍ അവസാനിക്കുന്നതോടെ ക്ലബ് വിടാനാണ് സൂപ്പര്‍ താരത്തിന്റെ തീരുമാനം

ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസില്‍ നിന്ന് 41കാരനായ ബുഫണ്‍ കഴിഞ്ഞ വര്‍ഷമാണ് പിസ്ജിയിലെത്തിയത്. 17 വര്‍ഷത്തോളം യുവന്റസിന്റെ ഗോള്‍ വല കാത്ത വെറ്ററന്‍ ഇതിഹാസം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ താരം ആരാധകരെ അമ്പരപ്പിച്ച് ഫ്രാന്‍സില്‍ എത്തുകയായിരുന്നു. 

സീസണില്‍ പിഎസ്ജിക്കായി 25 മത്സരങ്ങള്‍ കളിച്ച ബുഫണ്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്ലബുമായി ഇനിയും കരാര്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഇപ്പോള്‍ ക്ലബ് വിടാനുള്ള തീരുമാനം. അതേസമയം വിരമിക്കുമോയെന്ന കാര്യത്തില്‍ ബുഫണ്‍ സൂചനയൊന്നും നല്‍കിയില്ല.

ഇറ്റലിക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് ബുഫണ്‍. 176 മത്സരങ്ങളില്‍ ദേശീയ ടീമിന്റെ വല കാത്ത താരം ഇക്കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇറ്റലി പുറത്തായതോടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. 

2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമില്‍ അംഗമായിരുന്നു ബുഫണ്‍. എന്നാല്‍ കരിയറില്‍ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമില്ലെന്ന നിരാശ അദ്ദേഹത്തിന് ബാക്കിയാവും. യുവന്റസിനൊപ്പം മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും നേട്ടത്തിലെത്താന്‍ സാധിച്ചില്ല. 2003ല്‍ എസി മിലാനോടും 2014ല്‍ ബാഴ്‌സലോണയോടും 2017ല്‍ റയല്‍ മാഡ്രിഡിനോടുമാണ് യുവന്റസ് ഫൈനലില്‍ തോറ്റത്. 

പിഎസ്ജി വിടുന്നതോടെ ബുഫണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമോ അതോ മറ്റൊരു ടീമില്‍ ചേരുമോ എന്നാണ് ആരാധര്‍ ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com