കരുത്ത് കാട്ടി വീണ്ടും വിന്‍ഡീസ് പേസര്‍മാര്‍; ഓസ്‌ട്രേലിയക്ക് തകര്‍ച്ച

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍ച്ച
കരുത്ത് കാട്ടി വീണ്ടും വിന്‍ഡീസ് പേസര്‍മാര്‍; ഓസ്‌ട്രേലിയക്ക് തകര്‍ച്ച

ട്രെന്റ് ബ്രിഡ്ജ്: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍ച്ച. തുടക്കത്തില്‍ തന്നെ പതറിപ്പോയ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലാണ്. 

ടോസ് നേടി വെസ്റ്റിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ അഞ്ചോളം വൈഡുകള്‍ എറിഞ്ഞ് ഒഷെയ്ന്‍ തോമസ് ധാരാളിത്തം കാണിച്ചു. എന്നാല്‍ മുന്‍നിരയിലെ കരുത്തന്‍മാരെ അധികം ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കാതെ കൂടാരം കയറ്റാന്‍ വിന്‍ഡീസ് പേസ് നിരയ്ക്ക് സാധിച്ചു. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ആദ്യം മടങ്ങിയത്. ആറ് റണ്‍സെടുത്ത ഫിഞ്ചിനെ ഒഷെയ്ന്‍ തോമസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു. പിന്നാലെ വാര്‍ണറെ ഹെറ്റ്‌മെയറുടെ കൈകളിലെത്തിച്ച് കോട്രെലും കരുത്തു കാട്ടി. മൂന്ന് റണ്‍സായിരുന്നു വാര്‍ണറുടെ സംഭാവന. പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ആറാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ ആന്ദ്രെ റസ്സലിന് മുന്നില്‍ വീണു. 13 റണ്‍സെടുത്ത ഖവാജയും ഷായ് ഹോപിന് പിടി നല്‍കിയാണ് മടങ്ങിയത്. തൊട്ടുപിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ കോട്രെല്‍ സംപൂജ്യനായി മടക്കി. മാക്‌സ്‌വെല്ലും ഹോപിന്റെ കൈകളില്‍ ഒതുങ്ങി. 

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും മാര്‍ക്ക് സ്റ്റോയിനിസും ചേര്‍ന്ന സഖ്യം പിടിച്ചു നില്‍ക്കുമെന്ന പ്രതീതി സമ്മാനിച്ചെങ്കിലും ഈ കൂട്ടുകെട്ട് വളരാന്‍ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ അനുവദിച്ചില്ല. 19 റണ്‍സെടുത്ത സ്റ്റോയിനിസിനെ ഹോള്‍ഡര്‍ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 

33 റണ്‍സുമായി സ്മിത്ത് ബാറ്റിങ് തുടരുന്നതാണ് ഓസീസിന്റെ പ്രതീക്ഷ. ഒപ്പം 25 റണ്‍സുമായി അലക്‌സ് കാരിയാണ് സ്മിത്തിന് കൂട്ടായി ക്രീസിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com