കോൾട്ടെർനെയ്‌ലിന്റെ കരുത്തിൽ ഓസീസ് തിരിച്ചുവരവ്; വിജയത്തിനായി വിൻഡീസ് പൊരുതുന്നു

വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയിട്ടും ​ഗംഭീര തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ വെസ്റ്റിൻഡീസിന് മുന്നിൽ 289 റൺസ് വിജയ ലക്ഷ്യം വെച്ചു
കോൾട്ടെർനെയ്‌ലിന്റെ കരുത്തിൽ ഓസീസ് തിരിച്ചുവരവ്; വിജയത്തിനായി വിൻഡീസ് പൊരുതുന്നു

ട്രന്റ്ബ്രിഡ്ജ്: വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയിട്ടും ​ഗംഭീര തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ വെസ്റ്റിൻഡീസിന് മുന്നിൽ 289 റൺസ് വിജയ ലക്ഷ്യം വെച്ചു. ലക്ഷ്യം തേടിയിറങ്ങിയ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലാണ്. 17 പന്തിൽ 21 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്ത ക്രിസ് ​ഗെയ്ൽ, ഒരു റണ്ണെടുത്ത എവിൻ ലൂയീസ് എന്നിവരാണ് പുറത്തായത്. ​ഗെയ്ലിനെ സ്റ്റാർക്കും ലൂയീസിനെ കമ്മിൻസും പുറത്താക്കി. 19 റൺസുമായി നിക്കോളാസ് പൂരനും ആറ് റൺസുമായി ഷായ് ഹോപുമാണ് ക്രീസിൽ. 

ടോസ് നേടി വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ അവസാനിപ്പിച്ചിടത്തു നിന്നാണ് ഇക്കുറിയും വിൻഡീസ് തുടങ്ങിയത്. പന്തെടുത്ത വിൻഡീസ് ബൗളർമാരെല്ലാം കൂട്ടമായി ആക്രമിച്ചതോടെ ഓസീസ് മുൻനിര തകർന്നു. 38 റൺസിനിടെ ഓസീസിന് നഷ്ടമായത് നാല് വിക്കറ്റ്. ഡേവിഡ് വാർണർ (എട്ട് പന്തിൽ മൂന്ന്), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (10 പന്തിൽ ആറ്), ഉസ്‌മാൻ ഖവാജ (19 പന്തിൽ 13), ഗ്ലെൻ മാക്സ്‍വെൽ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ഓസീസ് താരങ്ങളുടെ പ്രകടനം.

അഞ്ചാം വിക്കറ്റിലാണ് ഓസീസ് തിരിച്ചുവരവിന് തുടക്കമിട്ടത്. മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് അഞ്ചാം വിക്കറ്റിൽ മാർക്കസ് സ്റ്റോയ്നിസിനൊപ്പം 41 കൂട്ടിച്ചേർത്തു. പിന്നീട് ആറാം വിക്കറ്റിൽ അലക്സ് കാരിക്കൊപ്പം 68 റൺസും മുൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഏഴാം വിക്കറ്റിൽ കോൾട്ടർനെയ്ലിനൊപ്പം 102 റൺസിന്റെ കൂട്ടുകെട്ടും സ്മിത്ത് പടുത്തുയർത്തി. 

സ്മിത്തും കോൾട്ടർനെയ്ലും അർധ സെഞ്ച്വറി നേടി. 77 പന്തിൽ അഞ്ച് ബൗണ്ടറി സഹിതമാണ് സ്മിത്ത് 20ാം ഏകദിന അർധ സെഞ്ച്വറിയിലേക്ക് എത്തിയത്. കോൾട്ടർനെയ്ൽ 41 പന്തിൽ അ‍ഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം ഏകദിനത്തിലെ കന്നി അർധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 249ൽ നിൽക്കെ ഒഷെയ്ൻ തോമസിന്റെ പന്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ ഷെൽഡൻ കോട്രൽ സ്മിത്തിനെ പുറത്താക്കിയത് വഴിത്തിരിവായി. 103 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 73 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. അനായാസം 300 കടക്കുമെന്നു തോന്നിച്ച ഓസീസ് ഇന്നിങ്സിന് അതോടെ പിടിവീണു. 

ലോകകപ്പിൽ എട്ടാം നമ്പർ ബാറ്റ്സ്മാന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് കുറിച്ച കോൾട്ടർനെയ്ൽ, 60 പന്തിൽ 92 റൺസെടുത്താണ് പുറത്തായത്. എട്ട് ബൗണ്ടറിയും നാല് പടുകൂറ്റൻ സിക്സറുകളും നിറം ചാർത്തിയ ഇന്നിങ്സ്. 41 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം ഏകദിനത്തിലെ കന്നി അർധ സെഞ്ച്വറി പിന്നിട്ട കോൾട്ടർനെയ്ൽ, അടുത്ത 42 റൺസ് കുറിച്ചത് 19 പന്തിനുള്ളിലായിരുന്നു. കന്നി സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ വച്ചാണ് താരം വീണത്. 

ഏകദിനത്തിൽ എട്ടാം നമ്പറിനു താഴേയ്ക്കുള്ള ബാറ്റ്സ്മാൻമാരിൽ ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണ് കോൾട്ടർനെയ്ലിന്റേത്. ശ്രീലങ്കയ്ക്കെതിരെ 2016ൽ പുറത്താകാതെ 95 റൺസെടുത്ത ക്രിസ് വോക്സാണ് ഒന്നാമത്. ഇന്ത്യയ്ക്കെതിരെ 2011ൽ 92 റൺസുമായി പുറത്താകാതെ നിന്ന വിൻഡീസ് താരം ആന്ദ്രെ റസ്സൽ കോൾട്ടർനെയ്ലിനൊപ്പം രണ്ടാമതുണ്ട്.

സ്കോറുയർത്താനുള്ള ശ്രമത്തിൽ പാറ്റ് കമ്മിൻസ് (രണ്ട്), മിച്ചൽ സ്റ്റാർക്ക് (എട്ട്) എന്നിവരും പുറത്തായതോടെ ഓസീസ് ഇന്നിങ്സിന് വിരാമമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com