ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം ; രോഹിതിന് സെഞ്ച്വറി;  ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകർത്തു

23-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്
ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം ; രോഹിതിന് സെഞ്ച്വറി;  ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകർത്തു

സതാംപ്ടണ്‍: കരുത്തരായ ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

23-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.

സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറി നേട്ടത്തിൽ ഇനി രോഹിതിന്  മുന്നിലുള്ളത്.

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം.  സ്‌കോര്‍ 13-ല്‍ നില്‍ക്കെ 
ഓപ്പണർ ശിഖര്‍ ധവാനെ (8 റൺസ്) റബാദ മടക്കി (8). പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് - കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി. 

പിന്നീടെത്തിയ ധോണി- രോഹിത് സഖ്യമാണ് ടീമിനെ വിയ നഷ്ടം കൂടാതെ വിജയത്തിലേക്ക് നയിച്ചത്.  ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന്റെ പന്തിൽ ധോനി (34) പുറത്തായി. നാലാം വിക്കറ്റില്‍ രോഹിത് - ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്. ജസ്പ്രീത് ബൂംറയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും ബൗളിങ്ങിന് മുന്നില്‍ പ്രോട്ടീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. എട്ടാം വിക്കറ്റില്‍ ക്രിസ് മോറിസും കഗീസോ റബാദയും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 34 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ക്രിസ് മോറിസാണ്  ടോപ് സ്‌കോറര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com