സത്യം പറയണമല്ലോ ,ബൂമ്ര വേറെ ലെവലാണ്, അഭിനന്ദനങ്ങള്‍ രോഹിത് ; വിജയത്തില്‍ ടീമിനെ പ്രശംസിച്ച് കോഹ് ലി 

24 റണ്‍സ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകളാണ് ബൂമ്ര വീഴ്ത്തിയത്.
സത്യം പറയണമല്ലോ ,ബൂമ്ര വേറെ ലെവലാണ്, അഭിനന്ദനങ്ങള്‍ രോഹിത് ; വിജയത്തില്‍ ടീമിനെ പ്രശംസിച്ച് കോഹ് ലി 

സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ഇന്ത്യന്‍ നായകന് സന്തോഷം അടക്കാനാവുന്നുണ്ടായിരുന്നില്ല. ഇതൊരു പ്രൊഫഷണല്‍ വിജയമാണ്. രോഹിത്തിന്റെ മനോഹരമായ ഇന്നിങ്‌സിന് നന്ദി. കൂടെ ബാറ്റ് ചെയ്തവര്‍ക്കും നന്ദി പറഞ്ഞായിരുന്നു കോഹ് ലി സംസാരിക്കാന്‍ തുടങ്ങിയത് തന്നെ. ലോകകപ്പിലെ ആദ്യജയം ആത്മവിശ്വാസം പകരുന്നതാണ്. ബാറ്റിങ്ങില്‍ വെല്ലുവിളിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അവിടെയാണ് സെഞ്ചുറി നേടി രോഹിത് മികവ് തെളിയിച്ചതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

സ്റ്റാര്‍ പേസര്‍ ബൂമ്രയെ വാനോളം പ്രശംസിക്കാനും നായകന്‍ മറന്നില്ല. ബൂമ്ര വേറെ ലെവല്‍ ആണ് എന്നായിരുന്നു കോഹ് ലി തുറന്ന് പറഞ്ഞത്. ബൂമ്രയുടെ പന്ത് നേരിടുമ്പോള്‍ ബാറ്റ്‌സ്മാന്‍ നിരന്തര സമ്മര്‍ദ്ദത്തില്‍ ആയിരിക്കുമെന്നതാണ് പ്രത്യേകത. ഏകദിനത്തില്‍ അംല ഇതുപോലെ പുറത്താകുന്നത് ഇതാദ്യമാണ് എന്നും കോഹ് ലി കൂട്ടിച്ചേര്‍ത്തു. 24 റണ്‍സ് എടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകളാണ് ബൂമ്ര വീഴ്ത്തിയത്. ചഹലിന്റെ പ്രകടനത്തെയും കോഹ് ലി അഭിനന്ദിച്ചു.

കാത്തിരുന്ന് കിട്ടിയ ആദ്യ മത്സരം കഠിനമായതിന്റെ എല്ലാ ടെന്‍ഷനും ഉണ്ടായിരുന്നു. എങ്കിലും തുടക്കം മികച്ചതാക്കാനായിരുന്നു ടീമിന്റെ ശ്രമം. ടോസ് നഷ്ടമായതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. ടോസ് ലഭിച്ചിരുന്നുവെങ്കിലും ഇന്ത്യ ബൗള്‍ ചെയ്യാനായിരുന്നു തീരുമാനിക്കുകയെന്നും കോഹ് ലി പറഞ്ഞു. മികച്ച തുടക്കമാണ് ബൂമ്ര സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ശേഷം വന്ന ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ആദ്യ 15 ഓവറിനുള്ളില്‍ മാനസികാധിപത്യം സ്ഥാപിക്കാനായതും നിര്‍ണായകമായെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com