പോരാടി വീണ് വിന്‍ഡീസ്; മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞു വീഴ്ത്തി,  ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ജയം

വെസ്റ്റ് ഇന്‍ഡീസിനെ പതിനഞ്ച് റണ്‍സകലത്തില്‍ എറിഞ്ഞിട്ട് ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം വിജയം.
പോരാടി വീണ് വിന്‍ഡീസ്; മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞു വീഴ്ത്തി,  ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ജയം

നോട്ടിങ്ങാം: വെസ്റ്റ് ഇന്‍ഡീസിനെ പതിനഞ്ച് റണ്‍സകലത്തില്‍ എറിഞ്ഞിട്ട് ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ അവസാനം വരെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും വിന്‍ഡീസ് പോരാട്ടം നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സില്‍ അവസാനിച്ചു. 

വിന്‍ഡീസിനായി ഷായ് ഹോപ്പ് (105 പന്തില്‍ 68), ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ (55 പന്തില്‍ 51) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അര്‍ധസെഞ്ചുറിയുമായി ഓസീസിനെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നു കരകയറ്റിയ നേഥന്‍ കോള്‍ട്ടര്‍നീലാണ് (60 പന്തില്‍ 92) കളിയിലെ കേമന്‍. ലോകകപ്പില്‍ ഓസീസിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. വിന്‍ഡീസിന്റെ ആദ്യ തോല്‍വിയും.

ഈ ലോകകപ്പിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസ് ബാറ്റിങ് നിരയെ പിടിച്ചുലച്ചു കളഞ്ഞത്. ഓപ്പണര്‍ എവിന്‍ ലൂയിസ് (ഒന്ന്) ഒഴികെയുള്ളവരെല്ലാം ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയെങ്കിലും അവസാന ഓവര്‍ വരെ പിടിച്ചുനില്‍ക്കാന്‍ ആളില്ലാതെ പോയതാണ് വിന്‍ഡീസിന് തിരിച്ചടിയായി. 

105 പന്തില്‍ ഏഴു ബൗണ്ടറി സഹിതം 68 റണ്‍സെടുത്ത ഷായ് ഹോപ്പ് ടോപ് സ്‌കോററായി. ജേസണ്‍ ഹോള്‍ഡര്‍ 57 പന്തില്‍ 51 റണ്‍സെടുത്തു. ക്രിസ് ഗെയ്ല്‍ (17 പന്തില്‍ 21), നിക്കോളാസ് പുരാന്‍ (36 പന്തില്‍ 40), ഷിംറോണ്‍ ഹെറ്റ്മയര്‍ (28 പന്തില്‍ 21), ആന്ദ്രെ റസ്സല്‍ (11 പന്തില്‍ 15), കാര്‍ലോസ് ബ്രാത്‌വയ്റ്റ് (17 പന്തില്‍ 16), ഷെല്‍ഡന്‍ കോട്രല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ആഷ്‌ലി നഴ്‌സ് (19), ഒഷെയ്ന്‍ തോമസ് (പൂജ്യം) എന്നിവര്‍ പുറത്താകാതെ നിന്നു.

മുന്‍നിര അമ്പേ തകര്‍ന്നിട്ടും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി ഓസീസ് ബാറ്റിങ്ങിനെ താങ്ങിനിര്‍ത്തിയത്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, നേഥന്‍ കോള്‍ട്ടര്‍നീല്‍ എന്നിവരാണ്.  നാലിന് 38, അഞ്ചിന് 79 എന്നീ നിലകളില്‍ തകര്‍ന്നശേഷം തിരിച്ചടിച്ചാണ് ഓസീസ് 288 റണ്‍സില്‍ എത്തിയത്. 103 പന്തില്‍ ഏഴു ബൗണ്ടറി സഹിതം 73 റണ്‍സുമായി സ്മിത്ത് നങ്കൂരമിട്ടപ്പോള്‍, ആക്രമിച്ചു കളിച്ച കോള്‍ട്ടര്‍നീല്‍ കന്നി അര്‍ധസെഞ്ചുറി കുറിച്ചു.

ലോകകപ്പില്‍ എട്ടാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് കുറിച്ച കോള്‍ട്ടര്‍നീല്‍, 60 പന്തില്‍ 92 റണ്‍സെടുത്താണ് പുറത്തായത്. എട്ടു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്‌സറുകളും. 41 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം ഏകദിനത്തിലെ കന്നി അര്‍ധസെഞ്ചുറി പിന്നിട്ട കോള്‍ട്ടര്‍നീല്‍, 19 പന്തിനുള്ളിലാണ് അടുത്ത 42 റണ്‍സ് കുറിച്ചത്.

വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്‌വയ്റ്റ് മൂന്നും ഒഷെയ്ന്‍ തോമസ്, ഷെല്‍ഡന്‍ കോട്രല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ടുവീതവും ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി.ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് നികച്ച പ്രകടനമാണ് ആദ്യം നടത്തിയത്. പന്തെടുത്തവരെല്ലാം കൂട്ടമായി ആക്രമിച്ചതോടെ ഓസീസ് മുന്‍നിര തകര്‍ന്നു. 38 റണ്‍സിനിടെ ഓസീസിന് നഷ്ടമായത് നാലു വിക്കറ്റ്. 115 (ആരോണ്‍ ഫിഞ്ച്, 2.2 ഓവര്‍), 226 (ഡേവിഡ് വാര്‍ണര്‍, 3.6 ഓവര്‍), 336 (ഉസ്മാന്‍ ഖവാജ, 6.6 ഓവര്‍), 438 (ഗ്ലെന്‍ മാക്‌സ്‌വെല്‍, 7.4 ഓവര്‍) എന്നിങ്ങനെയായിരുന്നു ഓസീസ് ഇന്നിങ്‌സിലെ വിക്കറ്റ് വീഴ്ച. ഡേവിഡ് വാര്‍ണര്‍ (എട്ടു പന്തില്‍ മൂന്ന്), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (10 പന്തില്‍ ആറ്), ഉസ്മാന്‍ ഖവാജ (19 പന്തില്‍ 13), ഗ്ലെന്‍ മാക്‌സ്!വെല്‍ (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ഓസീസ് താരങ്ങളുടെ പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com