മൂന്ന് ഡിഫന്റര്‍മാരെ കബളിപ്പിച്ച് മെസിയുടെ തകര്‍പ്പന്‍ ഗോള്‍, കോപ്പയ്ക്ക് മുന്‍പെ ഫോമായി അര്‍ജന്റീന

37ാം മിനിറ്റില്‍ മെസി തന്നെയാണ് ഫിഫ റാങ്കിങ്ങില്‍ 129ാമത് നില്‍ക്കുന്ന ടീമിനെതിരെ വല കുലുക്കി തുടങ്ങിയത്
മൂന്ന് ഡിഫന്റര്‍മാരെ കബളിപ്പിച്ച് മെസിയുടെ തകര്‍പ്പന്‍ ഗോള്‍, കോപ്പയ്ക്ക് മുന്‍പെ ഫോമായി അര്‍ജന്റീന

കോപ്പ അമേരിക്കയില്‍ മെസിയുടെ ചിറകിലേറി പറക്കുന്ന അര്‍ജന്റീനയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കോപ്പാ അമേരിക്കയ്ക്ക് മുന്‍പ് അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ആരാധകരുടെ മുന്നിലേക്ക് മെസിയുടെ തകര്‍പ്പന്‍ കളിയും വരുന്നുണ്ട്. ലോക ഫുട്‌ബോളിലെ കുഞ്ഞന്മാരായ നികാര്‍ഗുവയ്‌ക്കെതിരെയാണ് അതെങ്കിലും ആരാധകര്‍ക്കത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

5-1നാണ് മെസിയുടെ നേതൃത്വത്തില്‍ നികാര്‍ഗുവയെ അവര്‍ പഞ്ഞിക്കിട്ടത്. 37ാം മിനിറ്റില്‍ മെസി തന്നെയാണ് ഫിഫ റാങ്കിങ്ങില്‍ 129ാമത് നില്‍ക്കുന്ന ടീമിനെതിരെ വല കുലുക്കി തുടങ്ങിയത്. എതിര്‍ നിര താരങ്ങള്‍ക്കിടയിലൂടെ കാറ്റ് വീശുന്നത് പോലെ നീങ്ങി മുന്നേറി, മൂന്ന് പ്രതിരോധ നിര താരങ്ങളെ കബളിപ്പിച്ച് മെസി ഗോള്‍ വല കുലുക്കി. 

അഗ്യൂറോയുടെ ഷോട്ടില്‍ നിന്ന് വന്ന റീബൗണ്ടില്‍ നിന്ന് തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും മെസി ഗോള്‍ വല കുലുക്കി. പിന്നാലെ തന്നെ, അഗ്യൂറോയേയും, മെസിയേയും കോച്ച് സ്‌കലോനി സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു. യൂറോപ്യന്‍ ടീമില്‍ നിന്നും വമ്പന്മാരെ ടീമിലേക്കെത്തിച്ചാണ് സ്‌കലോനി 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളില്‍ നേരിട്ട തോല്‍വി ഇക്കുറി ആവര്‍ത്തിക്കാതിരിക്കാന്‍ കച്ച മുറുക്കുന്നത്. 

സ്‌കലോനി കോച്ചിന്റെ ചുമതലയേറ്റതിന് ശേഷം അര്‍ജന്റീന അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം തോല്‍ക്കുകയും, ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തു. മെസിയെ കൂടാതെ ഇന്‍ര്‍മിലാന്‍ സ്‌ട്രൈക്കര്‍ മാര്‍ട്ടിനെസ് ഇരട്ടഗോളോടെ തിളങ്ങി. വാറ്റ്‌ഫോര്‍ഡിന്റെ സൂപ്പര്‍ താരം റോബര്‍ട്ടോ പെരെയ്‌റയാണ് അഞ്ചാം ഗോളടിച്ച് ആര്‍മാദിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com