ഇന്ത്യ തകര്‍ത്തടിച്ചു; ഓസ്‌ട്രേലിയക്ക് വിജയലക്ഷ്യം 353; ശിഖര്‍ ധവാന് സെഞ്ച്വുറി

സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റേയും അര്‍ധ സെഞ്ചുറി കണ്ടെത്തിയ വിരാട്  കൊഹ് ലിയുടേയും രോഹിത് ശര്‍മ്മയുടേയും ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത്
ഇന്ത്യ തകര്‍ത്തടിച്ചു; ഓസ്‌ട്രേലിയക്ക് വിജയലക്ഷ്യം 353; ശിഖര്‍ ധവാന് സെഞ്ച്വുറി


 
ഓവല്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.  നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 352 റണ്‍സ് അടിച്ചെടുത്തു. സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റേയും അര്‍ധ സെഞ്ചുറി കണ്ടെത്തിയ വിരാട്  കൊഹ് ലിയുടേയും രോഹിത് ശര്‍മ്മയുടേയും ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത്. ഹാര്‍ദിക് പാണ്ഡ്യയും എംഎസ് ധോനിയും കെഎല്‍ രാഹുലും ഇവര്‍ക്ക് പിന്തുണ നല്‍കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ ഗംഭീരമായിരുന്നു. പതിയെ തുടങ്ങി പിന്നാലെ തകര്‍ത്തുകളിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം. ഒന്നാം വിക്കറ്റില്‍ ധവാനും രോഹിതും നേടിയത് 127 റണ്‍സിന്റെ കൂട്ടുകെട്ട്. 70 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. രോഹിതിന്റെ വിക്ഖറ്റിലൂടെ കോള്‍ട്ടര്‍ നൈല്‍ ഓസീസിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ കൊഹ് ലിയെ കൂട്ടുപിടിച്ചായിരുന്നു ധവാന്റെ മുന്നേറ്റം. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സ് അടിച്ചു. സെഞ്ചുറിക്ക് പിന്നാലെ ധവാന്‍ പുറത്തായി. ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ പുറത്താകുമ്പോള്‍ 109 പന്തില്‍ 117 റണ്‍സ് നേടിയിരുന്നു. 16 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഈ ഇന്നിങ്‌സ്. 

തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും കോലിയും ചേര്‍ന്ന് സ്‌കോറിങ് വേഗത കൂട്ടി. ഇരുവരും മൂന്നാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടിയിരുന്ന ഹാര്‍ദികിനെ ഭാഗ്യം തുണച്ചപ്പോള്‍ അടിച്ചെടുത്തത് 48 റണ്‍സാണ്. 27 പന്തില്‍ നാല് ഫോറും മൂന്നു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്.

പിന്നീട് ക്രീസിലെത്തിയ എംഎസ് ധോനി അവസാന ഓവറുകളില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ചു. മൂന്നു ഫോറും ഒരു സിക്‌സും കണ്ടെത്തി. 49ാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. 14 പന്തില്‍ 27 റണ്‍സായിരുന്നു സമ്പാദ്യം. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കോലിയും ക്രീസ് വിട്ടു. അപ്പോഴേക്കും 77 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇന്ത്യന്‍ ക്യാപ്റ്റന്‍ 82 റണ്‍സ് അടിച്ചിരുന്നു. 

ധോനി പുറത്തായപ്പോള്‍ ക്രീസിലെത്തിയ കെ.എല്‍ രാഹുല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സിലേക്ക് പറത്തി. ഇന്ത്യയുടെ ഇന്നിങ്‌സിലെ അവസാന പന്തും നേരിട്ടത് രാഹുലാണ്. അതും ഗാലറിയിലെത്തിയതോടെ ഓസീസിന് മുന്നില്‍ ലക്ഷ്യം 353 റണ്‍സ് ആയി. മൂന്നു പന്തില്‍ 11 റണ്‍സാണ് രാഹുല്‍ നേടിയത്. കേദര്‍ ജാദവ് പുറത്താകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com